ആലിംഗനത്തിലോ ഹസ്തദാനത്തിലോ തകരുന്നതല്ല എന്റെ ആദര്‍ശം; ശ്രീധരന്‍പിള്ളയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തിതിന് മറുപടിയുമായി എം.കെ മുനീര്‍

ഈ സമുദായത്തെ ഒറ്റുകൊടുക്കില്ല. സംഘപരിവാറിന് എതിരെ ഒറ്റയ്ക്ക് പോരാടും, ആദര്‍ശം കാത്ത് സൂക്ഷിച്ചായിരിക്കും ആ പോരാട്ടം. ഗവര്‍ണറെന്നത് ഭരണഘടനാ പദവിയാണെന്നും അതിനാല്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദോഹം ചൂണ്ടികാണിച്ചു

ആലിംഗനത്തിലോ ഹസ്തദാനത്തിലോ തകരുന്നതല്ല എന്റെ ആദര്‍ശം; ശ്രീധരന്‍പിള്ളയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തിതിന് മറുപടിയുമായി എം.കെ മുനീര്‍

കോഴിക്കോട്: മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് കോഴിക്കോട് നല്‍കിയ പൗര സ്വീകരണത്തില്‍ പങ്കെടുത്തത് വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി മുസ്‌ലീം ലീഗ് നേതാവ് എം കെ മുനീര്‍ എം.എല്‍.എ രംഗത്തെത്തി. സ്വീകരണപരിപാടിയില്‍ മുനീര്‍ പങ്കെടുത്തതില്‍ അതൃപ്തി അറിയിച്ച് സോഷ്യല്‍ മീഡിയയിലും പാര്‍ട്ടി കേന്ദ്രങ്ങളിലും വലിയതോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വാട്‌സ് അപ് ഗ്രൂപ്പുകളിലാണ് അദ്ദേഹം മറുപടിയുമായി എത്തിയത്.മീഡിയവണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മിസോറാം ഗവര്‍ണറായി ചുമതലയേറ്റ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് കഴിഞ്ഞ ദിവസം കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ചായിരുന്നു സ്വീകരണം നല്‍കിയത്. എം.കെ രാഘവന്‍ എം.പിയും,മറ്റ് പാര്‍ട്ടി നേതാക്കളും പൗര പ്രമുഖരും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സംഘപരിവാര്‍ നേതാവിനെ വെള്ളപൂശിയെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് വാട്‌സ് അപ് ഗ്രൂപ്പുകളില്‍ ഓഡിയോ രൂപത്തിലുള്ള വിശദീകരണം മുനീര്‍ പോസ്റ്റ് ചെയ്തത്. ആദര്‍ശം പണയപ്പെടുത്താത്ത സൗഹൃദം പങ്കുവെച്ചതാണ് പ്രവാചക മാതൃകയെന്നും ആ പാഠമാണ് താന്‍ ഉള്‍കൊണ്ടതെന്നും അദ്ദേഹം ഓഡിയോയില്‍ പറയുന്നുണ്ട്.

ഇക്കാര്യം ഓരോ വീട്ടിലും പോയി തനിക്ക് വിശ്വസിപ്പിക്കേണ്ടതില്ല. ഈ സമുദായത്തെ ഒറ്റുകൊടുക്കില്ല. സംഘപരിവാറിന് എതിരെ ഒറ്റയ്ക്ക് പോരാടും, ആദര്‍ശം കാത്ത് സൂക്ഷിച്ചായിരിക്കും ആ പോരാട്ടം. ഗവര്‍ണറെന്നത് ഭരണഘടനാ പദവിയാണെന്നും അതിനാല്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദോഹം ചൂണ്ടികാണിച്ചു. തന്റെ മണ്ഡലത്തില്‍ ഒരു ഗവര്‍ണര്‍ വരുമ്പോള്‍ സ്വാഗതം ചെയ്യുകയെന്നത് സാമാന്യമര്യാദയാണ്. ആലിംഗനത്തിലോ ഹസ്തദാനത്തിലോ തകരുന്നതല്ല തന്റെ ആദര്‍ശമെന്നും അത് ഹൃദയത്തില്‍ ഉണ്ടാവുന്നതാണെന്നും ശ്രീധരന്‍പിള്ളയെ കെട്ടിപിടിച്ചാല്‍ ആദര്‍ശം ഒലിച്ചു പോകില്ലെന്നും പറഞ്ഞ് മുനീര്‍ നിലപാട് വ്യക്തമാക്കി.

ഗവര്‍ണര്‍ എന്ന നിലയില്‍ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തില്‍ മുസ്‌ലീം സംഘടനകള്‍ കൊണ്ടുനടക്കുന്നതുണ്ട്. കടുത്ത മുസ്‌ലീം വിരുദ്ധ നിലപാട് സ്വീകരിച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും തന്നെ വിമര്‍ശിക്കുന്നവര്‍ക്കു നേരെ മുനീര്‍ ചൂണ്ടിക്കാണിച്ചു.നടുവട്ടത്ത് ക്ഷേത്രത്തിന് നേരെ കല്ലേറ് ഉണ്ടായപ്പോള്‍ കലാപം ഉണ്ടാകാതിരിക്കാന്‍ താന്‍ ആവശ്യപ്പെട്ടത് പ്രകാരം ആര്‍.എസ്.എസ് നേതാക്കളുമായി സംസാരിച്ച് ഒത്തുതീര്‍പ്പ് നടത്തിയത് ശ്രീധരന്‍പിള്ളയായിരുന്നു. അത്തരത്തിലുള്ള വ്യക്തിബന്ധങ്ങള്‍ തനിക്ക് ഉണ്ട്. എസ്.ഡി.പി.ഐ പോലുള്ള തനിക്ക് നേരെ ബി.ജെ.പി ബന്ധം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ ഇതേ ശ്രീധരന്‍ പിള്ളയെ ഇരുത്തി ആര്‍.എസ്.എസിന് എതിരെ താന്‍ ക്ലാസ് എടുത്തിട്ടുണ്ട്.

സിംഹത്തില്‍ കൂട്ടില്‍ കയറി പോരാടണമെന്നാണ് തന്നെ ബാപ്പ പഠിപ്പിച്ചത്. അവരുടെ നെഞ്ചത്ത് പോയിരുന്ന് സംസാരിക്കാന്‍ കഴിയുന്നതാണ് ആദര്‍ശമെന്നും താന്‍ ആര്‍.എസ്.എസിനെതിരെ എഴുതിയത് പോലുള്ള പുസ്തകം എഴുതാന്‍ എസ്.ഡി.പി.ഐക്ക് കഴിഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ഓഡിയോയില്‍ ചോദിച്ചു. മലപ്പുറത്ത് പ്രധാനമന്ത്രി വന്നാല്‍ കുഞ്ഞാലികുട്ടിക്ക് സ്വീകരിക്കേണ്ടി വരും. അതേ സാഹചര്യത്തിലാണ് പിണറായി നരേന്ദ്രമോദിക്ക് ബൊക്ക നല്‍കി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More >>