കോഴിക്കോട് വിമാനത്താവള സംരക്ഷണം; എം.കെ രാഘവന്‍ എംപി ഉപവാസമനുഷ്ടിക്കുന്നു

Published On: 2 July 2018 8:45 AM GMT
കോഴിക്കോട് വിമാനത്താവള സംരക്ഷണം; എം.കെ രാഘവന്‍ എംപി ഉപവാസമനുഷ്ടിക്കുന്നു

കോഴിക്കോട്: കരിപ്പൂര്‍ വിമനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് പുനാരംഭിക്കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ വിഷയത്തില്‍ എം.കെ രാഘവന്‍ എംപി 24 മണിക്കൂര്‍ ഉപവാസ സമരം നടത്തുന്നു. ജൂലൈ 12ന് രാവിലെ ഒമ്പതിന് കോഴിക്കോട് നടക്കുന്ന സമരം പി.കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് ജില്ലാകമ്മറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉപവാസ സമരം ഒന്നാം ഘട്ടമാണെന്നും അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപടികള്‍ ഉണ്ടായിട്ടില്ലെങ്കില്‍ വിമാനത്താവളത്തിനുമുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും എം.കെ രാഘവന്‍ എംപി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ലാഭകരമായി മുന്നോട്ടുപോയിരുന്ന വിമാനത്താവളമായിരുന്നു കരിപ്പൂര്‍. ഗള്‍ഫ് രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് വരുന്ന മലബാറിലെ സാധാരണക്കാരായ പ്രവാസികള്‍ കരിപ്പൂര്‍ വിമാനത്താവളത്തെ ആശ്രയിച്ചിരുന്നു. എന്നാല്‍ ഈ വിമാനത്താവളത്തോട് നിഷേധാത്മകമായ സമീപനമാണ് കേന്ദ്ര സര്‍ക്കാരും, എയര്‍ പോര്‍ട്ട് അതോറിറ്റിയും, ഡിജിസിഎയും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

പൊതുമേഖലയില്‍ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന വിമാനത്താവളം ചിലരുടെ സ്ഥാപിത താത്പര്യത്തിന് വേണ്ടി നശിപ്പിക്കാനും, ഇല്ലായ്മ ചെയ്യാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. റണ്‍വേ അറ്റകുറ്റപണിക്കും, ശക്തിപ്പെടുത്തലിനും വേണ്ടി 2016 മെയ് മാസം മുതലാണ് വലിയ വിമാനങ്ങള്‍ക്കുള്ള നിരോധനമേര്‍പ്പെടുത്തിയത്. നിലവിലുളള കോഡ്‌ സി വിമാനങ്ങള്‍ക്ക് മാത്രമായിരുന്നു അനുമതി എങ്കില്‍ കോടിക്കണക്കിന് രൂപയും, മൂന്ന് വര്‍ഷവും ചെലവഴിച്ച് 21 പേവ്‌മെന്റ് ക്ലാസിഫിക്കേഷന്‍ നമ്പര്‍ റണ്‍വേ നിര്‍മ്മിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍, ഡിസിസി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, എം.കെ റസാഖ് മാസ്റ്റര്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി ബാബുരാജ്, കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം വീരാന്‍ കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Top Stories
Share it
Top