നിരോധിത മേഖലകളിലെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് മന്ത്രിയുടെ താക്കീത്‌

Published On: 1 Aug 2018 3:45 PM GMT
നിരോധിത മേഖലകളിലെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് മന്ത്രിയുടെ താക്കീത്‌

വെബ്ഡെസ്ക്ക്: കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞ അണക്കെട്ടുകളുടെ ചിത്രങ്ങളും സാങ്കേതിക വിവരങ്ങളുമടക്കം പുറത്തുവിട്ട മാധ്യമങ്ങള്‍ക്ക് മുന്നറയിപ്പുമായി മന്ത്രി എംഎം മണി. രാജ്യസുരക്ഷക്ക് വിഘാതമാകാത്ത തരത്തിലും ഒഫീഷ്യല്‍ സീക്രട്ട്സ് ആക്റ്റ്-1923ന്‍റെ ലംഘനമില്ലാത്ത തരത്തിലുമുള്ള ചിത്രങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യാനോ പാടുള്ളു എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ജലവൈദ്യുതി നിലയങ്ങളും ജലസംഭരണികളും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഒഫീഷ്യല്‍ സീക്രട്ട്സ് ആക്റ്റ്-1923 അനുസരിച്ച് നിരോധിത മേഖലയില്‍ പെട്ടതായി പ്രഖ്യാപിച്ചിട്ടുള്ളതും അവിടങ്ങളില്‍ ചിത്രങ്ങള്‍ എടുക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും ആക്റ്റ് പ്രകാരം നിരോധിച്ചിട്ടുള്ളതുമാണ്.
എന്നാല്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി തുടങ്ങിയ ഡാമുകളിലെ തന്ത്രപ്രധാനമായ ഭാഗങ്ങളുടെ ചിത്രങ്ങളും സാങ്കേതിക വിശദീകരണവും അടക്കം ചില മാധ്യമങ്ങളില്‍ വാര്‍ത്തകളുടെ ഭാഗമായി സംപ്രേഷണം ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള നടപടികള്‍ ഒഫീഷ്യല്‍ സീക്രറ്റ്സ് ആക്റ്റ്-1923 ന്‍റെ ലംഘനമാണ്. ആയതിനാല്‍ ജലവൈദ്യുതി നിലയങ്ങളെയും ഡാമുകളെയും മറ്റ് പ്രതിഷ്ഠാപനങ്ങളെയും സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോഴും സംപ്രേഷണം ചെയ്യുമ്പോഴും, രാജ്യസുരക്ഷക്ക് വിഘാതമാകാത്ത തരത്തിലും ഒഫീഷ്യല്‍ സീക്രട്ട്സ് ആക്റ്റ്-1923ന്‍റെ ലംഘനമില്ലാത്ത തരത്തിലുമുള്ള ചിത്രങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യാനോ പാടുള്ളു എന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

Top Stories
Share it
Top