കാലവര്‍ഷം: കണ്ണൂരില്‍  48.5 കോടിയുടെ നാശനഷ്ടം; 16 പേര്‍ക്ക് ജീവന്‍ നഷ്ടമായി 

Published On: 20 July 2018 2:30 PM GMT
കാലവര്‍ഷം: കണ്ണൂരില്‍  48.5 കോടിയുടെ നാശനഷ്ടം; 16 പേര്‍ക്ക് ജീവന്‍ നഷ്ടമായി 

കണ്ണൂര്‍: കാലവര്‍ഷക്കെടുതി മൂലം ജില്ലയില്‍ വിവിധ മേഖലകളിലായി 48.54 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകള്‍. കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്നുണ്ടായ കാറ്റിലും മഴയിലുമാണ് ജില്ലയില്‍ വ്യാപക നാശ നഷ്ടമുണ്ടായത്. ഇതുവരെ 16 പേര്‍ക്ക് മഴക്കെടുതിയുടെ ഭാഗമായി ജീവന്‍ നഷ്ടമായി. നിരവധി വീടുകളും കൃഷിയിടങ്ങളും റോഡുകളും നശിച്ചു. ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി വിതരണ ശൃംഖലയ്ക്കുണ്ടായ തകരാറുകളെ തുടര്‍ന്ന് കോടികളുടെ നാശനഷ്ടമാണ് ജില്ലയിലുണ്ടായത്.

കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 30 വീടുകള്‍ പൂര്‍ണമായും 1269 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3.5 കോടിയിലേറെ രൂപയുടെ നഷ്ടമാണ് വീടുകള്‍ തകര്‍ന്നതിലൂടെ മാത്രം ഉണ്ടായതായി കണക്കാക്കിയിരിക്കുന്നത്. ഇരിട്ടി മേഖലയിലാണ് എറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. ഇവിടെ 23 വീടുകള്‍ പൂര്‍ണ്ണമായും 247 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കണ്ണൂര്‍ താലൂക്കില്‍ 400 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. തലശ്ശേരി താലൂക്കില്‍ 184 വീടുകള്‍ ഭാഗികമായും തളിപ്പറമ്പ് താലൂക്കില്‍ 5 വീടുകള്‍ പൂര്‍ണ്ണമായും 240 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പയ്യന്നൂര്‍ താലൂക്കില്‍ 198 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഇതിനു പുറമെ കിണറുകള്‍, തൊഴുത്തുകള്‍ എന്നിവയും തകര്‍ന്നു.

മഴയെത്തുടര്‍ന്ന് 3749 കര്‍ഷകര്‍ക്ക് 14.24 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ജില്ലയിലുണ്ടായത്. 215 ഹെക്ടര്‍ കൃഷിയിടം കനത്ത മഴയില്‍ നശിച്ചു. നെല്ല്, വാഴ, കവുങ്ങ്, തെങ്ങ്, റബ്ബര്‍ എന്നിവയെയാണ് കാലവര്‍ഷം പ്രധാനമായും ബാധിച്ചത്. കാറ്റിലും മഴയിലുമായി 52 ഹെക്ടറിലധികം നെല്‍കൃഷിയും 2.4 ഹെക്ടര്‍ പച്ചക്കറി കൃഷിയും നശിച്ചു. 1,33,881 വാഴകള്‍, 3040 കവുങ്ങുകള്‍, 8623 റബ്ബര്‍, 2273 തെങ്ങ്, 1852 കശുമാവ്, 4 ഹെക്ടര്‍ കപ്പ, 480 കുരുമുളക്, 40 ജാതിക്ക എന്നിവയും നശിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തു.

റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ വേണ്ടത് 26 കോടി

മഴ ശക്തി പ്രാപിച്ചതോടെ ജില്ലയിലെ റോഡുകള്‍ക്കും വലിയ തോതിലുള്ള നാശ നഷ്ടമാണുണ്ടായത്. ഇവ പൂര്‍വ സ്ഥിതിയിലാക്കാന്‍ 26 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. ദേശീയ പാത 66 ല്‍ മാത്രം ഏകദേശം 18 കോടി രൂപയുടെ നാശ നഷ്ടമുണ്ടായതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളിലായി കാലിക്കടവ് മുതല്‍ വേളാപുരം വരെയും താണ മുതല്‍ ധര്‍മ്മടം വരെയും ഉള്ള ദേശീയപാത ഭാഗികമായി തകര്‍ന്നു. ഇതില്‍ താണ മുതല്‍ ധര്‍മ്മടം വരെയുള്ള ഭാഗം 70 ശതമാനത്തോളം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

ഇതിനു പുറമേ പൊതുമരാമത്ത് വകുപ്പിന്റെ മറ്റു റോഡുകളില്‍ 7.99 കോടിയുടെ നഷ്ടവും കണക്കാക്കുന്നു. എടയാര്‍- ആലച്ചേരി റോഡിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഈ റോഡ് പൂര്‍വ സ്ഥിതിയിലാക്കാന്‍ മാത്രം 2 കോടി രൂപ വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. തളിപ്പറമ്പ്- ഇരിട്ടി റോഡില്‍ ഇരിക്കൂര്‍ പാലത്തിനു സമീപം 175 മീറ്റര്‍ റോഡില്‍ മാത്രമായി 1 കോടി രൂപയുടെ നഷ്ടമുണ്ടായി. മരങ്ങള്‍ കടപുഴകിവീണും ടാര്‍ റോഡ് അരികിലുള്ള മണ്ണ് ഒലിച്ച് പോയമുമാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്.

Top Stories
Share it
Top