ലിഗയെ കൊന്നത് കഴുത്ത് ഞെരിച്ചെന്ന് ഫോറന്‍സിക് നിഗമനം

Published On: 2018-04-28T08:15:00+05:30
ലിഗയെ കൊന്നത് കഴുത്ത് ഞെരിച്ചെന്ന് ഫോറന്‍സിക് നിഗമനം

തിരുവനന്തപുരം: മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗ കൊല്ലപ്പെട്ടതാകാമെന്ന് പൊലിസ്. കഴുത്ത് ഞെരിച്ച് കൊന്നിട്ടുണ്ടാകാമെന്നാണ് നിഗമനം. ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക അഭിപ്രായം പൊലിസിന് ലഭിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിലാണെന്നും നിരവധി പേരെ ചോദ്യംചെയ്യുന്നുണ്ടെന്നും പൊലിസ് പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വന്നാല്‍ മാത്രമാണ് ലൈംഗിക പീഡനം നടന്നോ എന്ന് അറിയാനാവുക. കൂടാതെ, മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്ന് വീണ്ടും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. പ്രദേശത്തെ കാടു വെട്ടിത്തെളിച്ചായിരുന്നു പരിശോധന.

അന്വേഷണം നല്ല രീതിയില്‍ നടക്കുകയാണെന്നും പരിശോധനാ ഫലങ്ങള്‍ വന്നാല്‍ മാത്രമേ കൂടുതല്‍ മനസ്സിലാക്കാനാവൂയെന്നും കമ്മിഷണര്‍ പറഞ്ഞു.

മൃതദേഹം കണ്ടെത്തിയ തിരുവല്ലത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിദേശിയായ ലിഗ ഒറ്റയ്ക്ക് എത്തില്ലെന്ന നിഗമനത്തിലാണ് പൊലിസ്. മയക്കുമരുന്നോ മറ്റോ നല്‍കി ഇവിടെ എത്തിച്ചിരിക്കാമെന്നാണ് പൊലിസ് സംശയിക്കുന്നത്.

Top Stories
Share it
Top