കേന്ദ്രമോട്ടോര്‍ വാഹനനിയമം;പുതുക്കിയ 'പിഴ'കള്‍ കൈക്കൂലിയായി മാറാം, ആശങ്കയില്‍ സംസ്ഥാന സര്‍ക്കാര്‍

'കുറഞ്ഞത് ഇത്ര രൂപ മുതല്‍ പരമാവധി ഇത്ര വരെ' എന്ന് കേന്ദ്ര നിയമത്തില്‍ വ്യവസ്ഥ ചെയ്ത ഗതാഗതക്കുറ്റങ്ങളിലാണ് ഇളവിന് നടപടി തുടങ്ങിയത്

കേന്ദ്രമോട്ടോര്‍ വാഹനനിയമം;പുതുക്കിയ

തിരുവനന്തപുരം: കേന്ദ്രമോട്ടോര്‍ വാഹനനിയമ ഭേദഗതിയോടെ കുതിച്ചുയര്‍ന്ന പിഴ സാധാരണക്കാര്‍ക്ക് പാരയാകുകയും ഉദ്യോഗസ്ഥര്‍ക്ക് മുതലെടുക്കാനുള്ള അവസരമാവുകയും ചെയ്യുമെന്ന വിലയിരുത്തലില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസാധുതയുള്ള ഇളവുകള്‍ക്കായി ഓര്‍ഡിനന്‍സ് തയാറാക്കുന്നു.'കുറഞ്ഞത് ഇത്ര രൂപ മുതല്‍ പരമാവധി ഇത്ര വരെ' എന്ന് കേന്ദ്ര നിയമത്തില്‍ വ്യവസ്ഥ ചെയ്ത ഗതാഗതക്കുറ്റങ്ങളിലാണ് ഇളവിന് നടപടി തുടങ്ങിയത്. കൃത്യമായ തുക രേഖപ്പെടുത്താതെ പരിധി മാത്രം നിശ്ചയിച്ചതിനാല്‍ ഉദ്യോഗസ്ഥര്‍ ഉയര്‍ന്ന പരിധിയായിരിക്കും പലപ്പോഴും തിരഞ്ഞെടുക്കുക. ഇത് നിയമം ദുരുപയോഗം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കുമെന്നും സര്‍ക്കാറിന് ആശങ്കയുണ്ട്.

5,000 മുതല്‍ 10,000 രൂപ വരെയും 2,000 മുതല്‍ 5,000 രൂപ വരെയും ഈടാക്കാമെന്ന് നിഷ്‌കര്‍ഷിച്ച നിരവധി ഗതാഗത കുറ്റങ്ങളുണ്ട്. ഇതില്‍ ഏറ്റവും കുറഞ്ഞ നിരക്കിന്റെ 10 മുതല്‍ 20 ശതമാനം വര്‍ധിപ്പിച്ച് പിഴ നിജപ്പെടുത്താനാണ് ആലോചന. ഫലത്തില്‍ 5,000 മുതല്‍ 10,000 രൂപ വരെ ഈടാക്കാവുന്നവ 6000 രൂപയില്‍ പരിമിതപ്പെടും. 2,000 മുതല്‍ 5,000 വരെ ചുമത്താവുന്നവ 2,500 രൂപയിലും. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ വാഹനമോടിക്കല്‍ എന്നിവയുടെ പിഴ ഈ ഗണത്തില്‍ വരുമെങ്കിലും ഇവക്ക് ഇളവ് നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഓര്‍ഡിനന്‍സിന്റെ കരട് നിലവില്‍ നിയമവകുപ്പ് പരിഗണനയിലാണ്.

നടപടികള്‍ പൂര്‍ത്തിയാക്കി സാധ്യമാകും വേഗത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് തീരുമാനം. പരിശോധന സമയത്തോ പിന്നീട് മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫിസുകളിലോ അടക്കുന്ന പിഴകള്‍ക്കേ ഈ ഇളവുണ്ടാകൂ. ഇതിനിടെ പിഴ സര്‍ക്കാറിന് വിനയാകുമെന്നതിനാല്‍ ആദ്യഘട്ടത്തില്‍ ബോധവത്കരണം നടത്തിയ ശേഷം പിന്നീട് കനത്ത പിഴയിട്ടാല്‍ മതിയെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്.

Read More >>