ഇടുക്കി അണക്കെട്ടിൽ റെക്കോർഡ് ജലനിരപ്പ്: മുല്ലപ്പെരിയാർ അനുവദനീയ സംഭരണശേഷിയിലേക്ക് 

ഇടുക്കി: വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ഇടുക്കിയിൽ 30 വർഷത്തിനിടയിൽ...

ഇടുക്കി അണക്കെട്ടിൽ റെക്കോർഡ് ജലനിരപ്പ്: മുല്ലപ്പെരിയാർ അനുവദനീയ സംഭരണശേഷിയിലേക്ക് 

ഇടുക്കി: വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ഇടുക്കിയിൽ 30 വർഷത്തിനിടയിൽ റെക്കോർഡ് ജലനിരപ്പും മുല്ലപ്പെരിയാറിൽ അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലേയ്ക്കും ജലനിരപ്പ് എത്തുകയാണ്. ഒറ്റ ദിവസം കൊണ്ട് മൂന്ന് അടി വർധിച്ച് നിലവിൽ 133 അടിയാണു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ സംഭരണ ശേഷി എത്താൻ സാധ്യതയുണ്ട്.

ഇടുക്കിയിൽ ഇന്നു വൈകുന്നേരം ഡാമിലെ ജലനിരപ്പ് 2380.45 അടിയിലെത്തി. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. 1985 ജൂൺ 16നുശേഷം വന്ന ഏറ്റവും വലിയ ജലനിരപ്പു കൂടിയാണിത്. അന്ന് 2374.11 അടിവെള്ളമാണ് സംഭരണിയിലുണ്ടായിരുന്നത്. ഡാമിലിപ്പോൾ 69.38 ശതമാനം വെള്ളം ഉണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം ഡാമിലെ ജലനിരപ്പ് 2317.67 അടിയായിരുന്നു. റെക്കോർഡ് ജലനിരപ്പു രേഖപ്പെടുത്തിയതോടെ ഡാം സേഫ്റ്റി ഓർഗനൈസേഷൻ അധികൃതർ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

കനത്ത മഴ തുടരുന്നതിനാൽ പല അണക്കെട്ടുകളും തുറന്നതോടെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ലോവർ പെരിയാർ (3 ഗേറ്റ്), കല്ലാർകുട്ടി (3 ഗേറ്റ്), പൊൻമുടി (1 ഗേറ്റ്), മൂഴിയാർ (1 ഗേറ്റ്), പെരിങ്ങൽകുത്ത് (3 ഗേറ്റ്) എന്നീ അണക്കെട്ടുകളാണ് നിലവിൽ തുറന്നുവിട്ടിരിക്കുന്നത്. പൊൻമുടി അണക്കെട്ടിന്റെ ഷട്ടർ രാവിലെ അടച്ചെങ്കിലും ജലനിരപ്പ് ഉയർന്നതോടെ വീണ്ടും തുറക്കേണ്ടതായി വന്നു.

പഴയമൂന്നാർ ഹെഡ് വർക്സ്, മലങ്കര, കല്ലാർ അണക്കെട്ടുകൾ തുറന്നു. ഇതിനിടെ മുല്ലപ്പെരിയാർ ജലനിരപ്പിന്റെ കാര്യത്തിൽ തമിഴ്‌നാട് വാദമുഖങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. 142 അടിയിലെത്തിയാൽ സ്പിൽവേയിലെ ഷട്ടറുകൾ തുറക്കുമെന്നും താഴ്വരയിലെ ജനത്തിന്റെ സുരക്ഷിതത്വം നോക്കേണ്ട ഉത്തരവാദിത്തം കേരളത്തിനാണെന്നും തമിഴ്‌നാട് ഇന്നു ചേർന്ന ഉപസമിതിയിൽ വ്യക്തമാക്കി.

പരമാവധി വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടു പോയി ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി.
അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനിടെയാണ് അഞ്ചംഗ ഉപസമിതി ഡാമിൽ സന്ദർശനം നടത്തിയത്. ഷട്ടറുകൾ പ്രവർത്തന സജ്ജമാണോയെന്നും സീപ്പേജ് വാട്ടറിന്റെ അളവും സമിതി പരിശോധിച്ചു. കേന്ദ്ര ജലകമ്മിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ വി.രാജേഷ് അധ്യക്ഷനായ സമിതിയിൽ ജലവകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ സോണി ദേവസ്യ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എൻ.എസ്. പ്രസീദ് എന്നിവരാണു കേരളത്തിന്റെ പ്രതിനിധികൾ. സെക്കൻഡിൽ 6,000 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2,100 ഘനയടി വെള്ളമാണ് തമിഴ്നാട് ഇപ്പോൾ ഒഴുക്കി കൊണ്ടുപോകുന്നത്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഒഴുകിയെത്തുന്ന ജലത്തിന്റെ അളവു കുറയുമെന്നാണു പ്രതീക്ഷ.

ജലനിരപ്പ് അനുവദനീയമായ 142 അടിയിലേക്ക് എത്തിക്കുകയാണ് തമിഴ്നാടിന്റെ ലക്ഷ്യം. ഇതിന് സുപ്രീംകോടതിയുടെ അനുമതിയുണ്ട്. 142 അടി ജലം സംഭരിച്ചാലും അണക്കെട്ടിനു തകരാറുണ്ടാകില്ലെന്നു സ്ഥാപിക്കാനുള്ള നീക്കമാണു തമിഴ്നാടിന്റേത്.

Read More >>