മുസ്ലിം സമുദായത്തെ പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതിക്കൊടുത്തില്ലെന്ന് എം കെ മുനീര്‍

Published On: 2018-07-09T16:00:00+05:30
മുസ്ലിം സമുദായത്തെ പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതിക്കൊടുത്തില്ലെന്ന് എം കെ മുനീര്‍

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന് മുസ്ലിം സമുദായത്തെ തീറെഴുതിക്കൊടുത്തില്ലെന്ന് എം കെ മുനീര്‍ എം എല്‍ എ. പോപ്പുലര്‍ ഫ്രണ്ടിനെ തുടക്കം മുതലേ എതിര്‍ത്ത സംഘടനയാണ് മുസ്‌ലിം ലീഗ്. തെരഞ്ഞെടുപ്പ് സമയത്തെല്ലാം അവരുടെ വോട്ട് വേണ്ടെന്നാണ് മുസ്‌ലിം ലീഗിന്റെ നിലപാടെന്നും അവരുടെ വോട്ട് വാങ്ങി വിജയിക്കുന്നതിലും നല്ലത് വീട്ടിലിരിക്കലാണെന്നും മുനീര്‍ പറഞ്ഞു.

ലീഗ് ഇവര്‍ക്കെതിരെ പ്രചാരണം നടത്തുമ്പോള്‍ മാർക്സിസ്റ്റ് പാര്‍ട്ടി അനുഭാവപൂര്‍ണ്ണമായ നയമായിരുന്നു ഇവരോട് സ്വീകരിച്ചത്.ഇവരെ ഉപയോഗിച്ച് തീവ്രവാദത്തെ പ്രീണിപ്പിക്കുന്ന നിലപാടായിരുന്നു മാർക്സിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചത്. ഇവർ തമ്മിലുള്ള കൂട്ടുകെട്ട് പലയിടത്തും തുടരുകയാണെന്നും മുനീർ ആരോപിച്ചു.

ഇവരെ നിരോധിക്കുകയാണെങ്കില്‍ മറ്റൊരു പേരില്‍ ഇവര്‍ കടന്നു വരും. തീവ്രവാദ സംഘടനയായ എസ് ഡി പി ഐക്ക് ഭീകരവാദ പ്രസ്ഥാനമായി മാറുവാന്‍ സാധിക്കുമെന്നും സാമുദായിക ധ്രുവീകരണം ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും മുനീര്‍ പറഞ്ഞു.അഭിമന്യു കൊലപാതകത്തിലെ പ്രതികളെ പോലീസ് എത്രയും വേഗം തന്നെ പിടികൂടണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

Top Stories
Share it
Top