മൂന്നാറില്‍ എന്‍.ഒ.സി പിന്‍വലിക്കാനാകില്ലെന്ന് റവന്യൂ മന്ത്രി

Published On: 2018-06-25T10:45:00+05:30
മൂന്നാറില്‍ എന്‍.ഒ.സി പിന്‍വലിക്കാനാകില്ലെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: മൂന്നാര്‍ മേഖലയില്‍ വീട് നിര്‍മ്മാണത്തിന് എന്‍.ഒ.സി നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കാനാകില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍. എട്ട് വില്ലേജുകളില്‍ എന്‍.ഒ.സി നല്‍കാത്ത സാഹചര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം മാണി നല്‍കിയ അടിയന്തരി പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

എട്ട് വില്ലേജുകളിലെ എന്‍.ഒ.സി പിന്‍വലിക്കണമെന്ന് കെ.എം മാണി ആവശ്യപ്പെട്ടു. മാണിയെ സി.പി.ഐ.എം എംഎൽഎ എസ്. രാജേന്ദ്രന്‍ പിന്തുണച്ചു. മാണിയുടെ അഭിപ്രായം തന്നെയാണ് മൂന്നാറിലെ കർഷകർക്കിടയിലുള്ളതെന്ന് രാജേന്ദ്രൻ പറഞ്ഞു.

സാധാരണക്കാരെയും കൃഷിക്കാരെയും ബുദ്ധിമുട്ടിക്കാതെ ഉത്തരവ് നടപ്പാക്കുമെന്ന് ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. 2010ൽ ഹൈകോടതി നിർദേശ പ്രകാരമാണ് എൻ.ഒ.സി നിർബന്ധമാക്കിയത്. അതിനാൽ ഹൈകോടതി ഉത്തരവിനെ മറികടന്ന് തീരുമാനം പിൻവലിക്കാൻ സാധിക്കില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ഉത്തരവ് താഴേക്ക് എത്തിയപ്പോള്‍ ആശയക്കുഴപ്പം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്, മൂന്നാറില്‍ പ്രത്യേക നിയമ നിര്‍മ്മാണം നടത്തുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. സര്‍ക്കാറിന്റെ തെറ്റായ നയമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Top Stories
Share it
Top