തിക്കോടിയിലെ വീട്ടമ്മയുടെ മരണം കൊലപാതകം

Published On: 23 July 2018 10:30 AM GMT
തിക്കോടിയിലെ വീട്ടമ്മയുടെ മരണം കൊലപാതകം

കൊല്ലപ്പെട്ട സത്യയും ഭ‍ർത്താവ് ബാലനും

പയ്യോളി: തിക്കോടിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തിക്കോടി പഞ്ചായത്ത് ബസാറിലെ പരേതനായ ചെത്തില്‍ നാണുവിന്റെ മകള്‍ സത്യ (46) യെയാണ് ഇന്നലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവ് മുചുകുന്ന് വലിയമലയില്‍ കോളനിയില്‍ ബാലനാണെന്ന് സംശയിക്കുന്നതായി പയ്യോളി സി.ഐ ദിനേശന്‍ കോറോത്ത് തത്സമയത്തോട് പറഞ്ഞു. സംഭവം നടന്നതിന് ശേഷം ബാലനെ കാണാതായിരിക്കുകയാണ്. ഇയാള്‍ക്ക് വേണ്ടി പോലീസ് കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു.

മിക്ക ദിവസങ്ങളിലും മദ്യപിച്ചെത്തി സത്യയെ ഭര്‍ത്താവ് ബാലന്‍ തല്ലിയിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ഇന്നലെ രാവിലെ 8 മണിയോടെ വായില്‍ നിന്നും ചോര വാര്‍ന്ന് ഒരു വശം ചെരിഞ്ഞ് കിടക്കുന്ന നിലയില്‍ അയല്‍വാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടത്. സത്യയെ വീട്ടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ചോരവാര്‍ന്ന് സത്യ നിലത്ത് കിടക്കുന്നത് കണ്ടത്. സമീപത്തെ മരത്തില്‍ സാരി കുരുക്കിട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഉടന്‍ പയ്യോളി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് ഫോറന്‍സിക്ക് സൈന്റിഫിക്ക് ഓഫീസര്‍ ശ്രുതിലേഖ, വിരലടയാള വിദ​ഗ്ദൻ ജിജീഫ് പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധനയും നടത്തിയിരുന്നു.

Top Stories
Share it
Top