രാജ്യസഭാ സീറ്റ്: കോൺഗ്രസിലെ വിമർശകർക്കെതിരെ ലീഗ് മുഖപത്രം

Published On: 2018-06-11T11:15:00+05:30
രാജ്യസഭാ സീറ്റ്: കോൺഗ്രസിലെ വിമർശകർക്കെതിരെ ലീഗ് മുഖപത്രം

കോഴിക്കോട്: രാജ്യസഭാ സീറ്റ് മാണിക്ക് നൽകിയ കോൺഗ്രസ് നേതാക്കളുടെ തീരുമാനത്തെ വിമർശിക്കുന്നവർക്കെതിരെ ചന്ദ്രികയിൽ മുഖപ്രസം​ഗം. മാണി തിരിച്ചെത്തിയതോടെ മുന്നണിയുടെ അടിത്തറ വികസിച്ചിരിക്കുകയാണെന്നും രാജ്യസഭാ സീറ്റിന്‍റെ പേരിൽ നേതൃത്വത്തെ വിമർശിക്കുന്നവർ വരും കാലത്ത് തിരുത്തേണ്ടി വരുമെന്നും 'അടിത്തറ വികസിപ്പിച്ച് ഐക്യമുന്നണി' എന്ന തലക്കെട്ടോടെ ചന്ദ്രികയിൽ എഴുതിയ മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.

ഇരുപാർട്ടികളുടെയും നേതൃത്വം വരാനിരിക്കുന്ന രാഷ്ട്രീയ ധ്രുവീകരണങ്ങളെ മുന്നിൽ കണ്ടുകൊണ്ട് സ്വീകരിച്ച സമീപനം മുന്നണിക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. കെ.എം. മാണി മുന്നണിയുടെ ഭാഗമായതോടെ മതേതര വോട്ടുകളുടെ ഭിന്നിപ്പ് ഒരു പരിധിവരെ തടയാനാവുമെന്നും മുഖപ്രസം​ഗത്തിലുണ്ട്.

കൊല്ലം ലോക്സഭാ സീറ്റ് ആർ.എസ്.പിക്ക് നൽകിയതും ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രായശ്ചിത്തമെന്നോണം എം.പി. വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നൽകിയതും വിമർശകർ ഒാർത്തെടുക്കേണ്ടതാണ്. അന്നൊന്നും ഇല്ലാത്ത രീതിയിൽ ഉയർന്നുവരുന്ന വിമർശനങ്ങൾ ജനാധിപത്യ കേരളത്തെ ഏറെ വേദനിപ്പിക്കുന്നതാണെന്ന കാര്യത്തിൽ സംശയമില്ല എന്നും മുഖപ്രസം​ഗം പറയുന്നു.

എന്നാൽ, ഇക്കാര്യത്തിൽ ചില കോണുകളിൽ നിന്നുയരുന്ന വിമർശനങ്ങൾ അസ്ഥാനത്താണെന്നു മാത്രമല്ല ജനാധിപത്യ വിശ്വാസികളിൽ ആശങ്ക ഉളവാക്കുന്നതുമാണ്. മുന്നണിയുെട കെട്ടുറപ്പിനായി ഘടകകക്ഷികളുടെ രാജ്യസഭാ സീറ്റ് പലപ്പോഴായി ത്യാഗം ചെയ്തത് വിമർശകർ സൗകര്യപൂർവം വിസ്മരിക്കുകയാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

Top Stories
Share it
Top