കരിഞ്ചോലമല ഉരുള്‍പ്പൊട്ടല്‍; മുസ്‌ലിം ലീഗ് പുനരധിവാസ പാക്കേജ് നടപ്പിലാക്കും 

Published On: 2018-07-09T16:15:00+05:30
കരിഞ്ചോലമല ഉരുള്‍പ്പൊട്ടല്‍; മുസ്‌ലിം ലീഗ് പുനരധിവാസ പാക്കേജ് നടപ്പിലാക്കും 

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമല ഉരുള്‍പ്പൊട്ടലില്‍ സര്‍ക്കാര്‍ സഹായം ലഭിക്കാത്ത ഭവന രഹിതരെ പുനരധിവസിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ്. 14 പേരുടെ ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തില്‍ നിരവധി പേര്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം തയ്യാറാകാത്ത സാഹചര്യത്തിലാണ് മുസ്ലിം ലീഗ് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് കരിഞ്ചോലമല പുനരധിവാസ സമിതി രക്ഷാധികാരികളായ എം കെ മുനീര്‍ എം എല്‍ എ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം സര്‍ക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനം മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് കാരണം നിരവധി പേര്‍ ബന്ധുവീടുകളിലും ക്യാമ്പുകളിലുമായി കഴിയുകയാണ്. മുഖ്യമന്ത്രി ദുരന്ത സ്ഥലം സന്ദര്‍ശിക്കണമെന്നും ദുരിത ബാധിതര്‍ക്ക് പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല പാക്കേജ് പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മുസ്‌ലിം ലീഗ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

അപകട സാധ്യത നിലനില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും, പരുക്കേറ്റവര്‍ക്ക് ചികിത്സാ ധനസഹായം,ഒരു വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായം, പെന്‍ഷന്‍, മറ്റ് നാശനഷ്ടം സംഭവിച്ചവര്‍ക്ക് സാമ്പത്തിക സഹായം തുടങ്ങിയ പുനരധിവാസ പാക്കേജുകളാണ് നടപ്പിലാക്കുക. പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നിര്‍വ്വഹിക്കുകയെന്നും നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ അഞ്ചംഗ സമിതിക്ക് രൂപം നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം എ റസ്സാഖ് മാസ്റ്റര്‍,നജീബ് കാന്തപുരം,മോയത്ത് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Top Stories
Share it
Top