മുത്തൂറ്റ് സമരം പിന്‍വലിച്ചു; തീരുമാനം തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് സമരം പിന്‍വലിച്ചു. തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ നടന്ന...

മുത്തൂറ്റ് സമരം പിന്‍വലിച്ചു; തീരുമാനം തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് സമരം പിന്‍വലിച്ചു. തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ നടന്ന അനുരഞ്ജനയോഗത്തിലാണ് തീരുമാനമുണ്ടായത്. സ്ഥാപനത്തിലെ ജീവനക്കാരുടെ വേതനഘടന പരിഷ്‌കരണം, 2017 ലെ ബോണസ് കുടിശ്ശിക, വിദേശട്രിപ്പ് അനുവദിച്ച് നല്‍കിയിട്ടില്ലാത്തവര്‍ക്ക് അത് നല്‍കുക, സ്ഥാപനത്തിലെ എല്ലാ ജീവനക്കാര്‍ക്കും ഇ.എസ്.ഒ.പി അനുവദിയ്ക്കുക. ജീവനക്കാരുടെ ഇന്‍സെന്റീവ് അനുവദിക്കുക, കരാര്‍ പ്രകാരമുളള സ്ഥലംമാറ്റം, ബ്രാഞ്ച് ഇന്‍ ചാര്‍ജ്ജുമാര്‍ക്ക് അര്‍ഹമായ സ്ഥലം മാറ്റം നല്‍കുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു നോണ്‍ ബാങ്കിംഗ് & പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ എന്ന ജീവനക്കാരുടെ സംഘടന ജൂണ്‍ 18 മുതല്‍ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരുന്നത്.

വിദേശട്രിപ്പ് ആനുകൂല്യം അനുവദിച്ച് നല്‍കിയിട്ടില്ലാത്തവര്‍ക്ക് അത് നല്‍കാമെന്നും ഇന്‍സെന്റീവ് നല്‍കാമെന്നും തൊഴില്‍ വകുപ്പു മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് മാനേജ്‌മെന്റ് സമ്മതിച്ചു. ബോര്‍ഡിന്റെ അനുമതിയ്ക്ക് വിധേയമായി ഇ.എസ്.ഒ.പി നല്‍കാമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ബ്രാഞ്ച് ഇന്‍ ചാര്‍ജ്ജുമാരെ ഈ തസ്തികയില്‍ ഒഴിവ് വരുന്ന മുറയ്ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിക്കും. സ്ഥാപനത്തിലെ വേതനഘടന പുതുക്കുന്നതു സംബന്ധിച്ച് മൂന്നു മാസത്തിനകം തീരുമാനമെടുക്കാന്‍ യോഗത്തില്‍ ധാരണയായി. ജീവനക്കാര്‍ക്ക് 2017 ലെ ബോണസ് കുടിശ്ശിക നല്‍കുന്നത് സംബന്ധിച്ച് മൂന്നംഗ സമിതി പരിശോധന നടത്തി തീരുമാനമെടുക്കുന്നതിനും യോഗം നിശ്ചയിച്ചു.
യോഗത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എസ്.തുളസീധരന്‍, തൊഴിലാളി നേതാക്കളായ കെ.ചന്ദ്രന്‍പിള്ള, കെ.പി.സഹദേവന്‍, കെ.എന്‍.ഗോപിനാഥ്, യൂണിയന്‍ പ്രതിനിധികളായ സി.സി.രതീഷ്, എസ്.ഷോലിത, നിഷാ കെ.ജയന്‍, അഭിലാഷ് എം.എസ്, മാനേജ്‌മെന്‍ര് പ്രതിനിധികളായ ഡോ.ജോണ്‍ വി.ജോര്‍ജ്ജ് (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), സി.വി.ജോണ്‍(എച്ച്.ആര്‍ ജനറല്‍ മാനേജര്‍), ജിജോ എന്‍.ചാക്കോ(ലീഗല്‍ ഓഫീസര്‍) എന്നിവര്‍ പങ്കെടുത്തു.

Read More >>