മത്സ്യബന്ധന ബോട്ടിലിടിച്ചത് എം.വി ദേശ് ഭക്ത് എന്ന കപ്പൽ; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Published On: 7 Aug 2018 8:45 AM GMT
മത്സ്യബന്ധന ബോട്ടിലിടിച്ചത് എം.വി ദേശ് ഭക്ത് എന്ന കപ്പൽ; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

കൊച്ചി: മൂന്നു മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമായ കപ്പലിനെ തിരിച്ചറഞ്ഞു. മുംബൈ ആസ്ഥാനമായ എം.വി. ദേശ് ഭക്ത് എന്ന കപ്പലാണ് മത്സ്യബന്ധന ​ബോട്ടിൽ ഇടിച്ചതെന്ന് മറൈൻ ട്രാക്കിങ് വിഭാഗം സ്ഥിരീകരിച്ചു. നിലവിൽ കപ്പൽ മുംബൈയിൽ നിന്നും ഇറാക്കിലേക്കുള്ള യാത്രയിലാണ്. കപ്പൽ ജീവനക്കാരെ ചോദ്യം ചെയ്യാനായി നാവികസേനയുടെ ഡോണിയർ വിമാനം പുറപ്പെട്ടു.

മുനമ്പം തീരത്തു നിന്ന്​ മത്സ്യബന്ധനത്തിന് പോയ ​ബോട്ടിൽ കപ്പലിടിച്ച്​ മൂന്നു പേരാണ് മരിച്ചത്. തമിഴ്‌നാട് രാമന്‍തുറ സ്വദേശികളായ യുഗനാഥന്‍ (45), മണക്കുടി (50), യാക്കൂബ് (57) എന്നിവരാണു മരിച്ചത്. രക്ഷപ്പെടുത്തിയ മൂന്നു പേരിൽ രണ്ടു പേരെ കരക്കെത്തിച്ചു. ബംഗാൾ സ്വദേശി നരേൻ സർക്കാർ, തമിഴ്നാട് സ്വദേശി എഡ്വിൻ എന്നിവരെ പറവൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടാതെ മുനമ്പം ഹാർബറിൽ എത്തിച്ച രണ്ടു പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടത്തിൽ കാണാതായ ഒമ്പത് പേർക്കായി തെരച്ചിൽ പുരോഗമിക്കുന്നുണ്ട്. ​മരണപ്പെട്ടവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും മുനമ്പം ഹാർബറിൽ എത്തിക്കുമെന്നാണ് വിവരം.

ഇന്നു പുലർ​ച്ചെ മൂന്നു മണിയോടെ കരയിൽ നിന്ന് 28 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ ചാലിന് സമീപത്താണ്​ സംഭവം. മുനമ്പം ഹാർബറിൽ നിന്ന് പുറപ്പെട്ട ഒാഷ്യാനസ് എന്ന ബോട്ടിലാണ്​ കപ്പൽ ഇടിച്ചത്​. നാട്ടിക തീരത്ത് നിന്ന് 14 കിലോമീറ്റർ അകലെ പടിഞ്ഞാറൻ പുറംകടലിലാണ് അപകടം നടന്നത്. മുനമ്പം ഹാർബറിൽ നിന്ന് തിങ്കളാഴ്ച​ വൈകീട്ടാണ് ബോട്ട് മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.

പൂർണമായി തകർന്ന ബോട്ടിൽ അപകട സമയത്ത് 15 തൊഴിലാളികൾ ഉണ്ടായിരുന്നു. ഇതിൽ ഒരാൾ പറവൂർ സ്വദേശിയാണെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അപകടത്തെ തുടർന്ന് കടലിൽ വീണ് ഒഴുകി നടന്നവരെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു. കൊച്ചി സ്വദേശി പി.വി. ശിവന്‍റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഒാഷ്യാനസ്.

Top Stories
Share it
Top