സി.ബി.എസ്.ഇ അംഗീകാരമുള്ള സ്കൂളിന് എന്‍.ഒ.സി നൽകാതിരുന്നത് പുന:പരിശോധിക്കണം: ന്യൂനപക്ഷ കമ്മീഷന്‍

Published On: 2018-08-08T18:30:00+05:30
സി.ബി.എസ്.ഇ അംഗീകാരമുള്ള സ്കൂളിന് എന്‍.ഒ.സി നൽകാതിരുന്നത് പുന:പരിശോധിക്കണം: ന്യൂനപക്ഷ കമ്മീഷന്‍

കോഴിക്കോട്: സി.ബി.എസ്.ഇ അംഗീകാരം ലഭിച്ച സ്‌കൂളിന് സാങ്കേതികത്വത്തിന്റെ പേരില്‍ എന്‍.ഒ.സി നല്‍കാതിരുന്ന നടപടി പുനപ്പരിശോധിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവ്. കോഴിക്കോട് എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ മാനേജര്‍ നല്‍കിയ ഹരജിയിലാണ് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ.ഹനീഫയുടെ ഉത്തരവ്.

നിശ്ചിതകാലാവധിക്കുള്ള അപേക്ഷ സമര്‍പ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എം.ഇ.എസ് സ്‌കൂളിന് സംസ്ഥാനസര്‍ക്കാര്‍ എന്‍.ഒ.സി നിഷേധിച്ചത്. സ്‌കൂള്‍ അധികൃതര്‍ കോടതിയെ സമീപിച്ചതോടെ എന്‍.ഒ.സിയ്ക്കുള്ള അപേക്ഷ തിരിച്ചയച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി പുനപ്പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന നടപടി ഹൈക്കോടതിയോടുള്ള അനാദരവാണെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

എന്‍.ഒ.സി തിരിച്ചയച്ച നടപടി പുനപ്പരിശോധിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് ആവശ്യപ്പെടാന്‍ ഡി.പി.ഐയ്ക്കും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. കമ്മീഷന്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ ബുധനാഴ്ച 25 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ അഞ്ച് കേസുകളില്‍ കമ്മീഷന്‍ തീര്‍പ്പാക്കി.

Top Stories
Share it
Top