മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു: മാധ്യമ പ്രവര്‍ത്തകന്‍ വേണുവിനെതിരെ കേസ്

Published On: 2018-07-06T12:30:00+05:30
മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു: മാധ്യമ പ്രവര്‍ത്തകന്‍ വേണുവിനെതിരെ കേസ്

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയിലൂടെ മതസ്‌പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് മാതൃഭൂമി ചാനല്‍ അവതാരകന്‍ വേണു ബാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ ബിജു സിറ്റി പൊലീസ് കമീഷണര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ജൂണ്‍ ഏഴിന് മാതൃഭൂമി ചാനലില്‍ സംപ്രേഷണം ചെയ്‌ത ന്യൂസ് അവര്‍ ഡിബേറ്റില്‍ വേണു നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എെപിസി 153 A പ്രകാരമാണ് കേസെടുത്തത്. ഡിജിപിയില്‍ നിന്നും നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് കൊല്ലം സിറ്റി പൊലീസ് കമീഷ്ണര്‍ അരുള്‍ ബി. കൃഷ്ണ പറഞ്ഞു.

രണ്ടു വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ ഒരു വിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തി സമൂഹത്തില്‍ മതസ്‌പര്‍ധയും വര്‍ഗീയതയും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന സിഡി സഹിതമാണ് പരാതി നല്‍കിയത്. മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം വേണുവിനെതിരെ കേസെടുത്തത് മാധ്യമ സ്വാതന്ത്രത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പന്‍തുടര്‍ന്ന് മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനാണ് ശ്രമം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Top Stories
Share it
Top