നിപ; ആശങ്ക വേണ്ട, നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Published On: 23 May 2018 3:00 PM GMT
നിപ; ആശങ്ക വേണ്ട, നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കോഴിക്കോടും മലപ്പുറത്തുമായി 11 പേരുടെ മരണത്തിനിടയാക്കിയ നിപ വൈറസ് ബാധയില്‍ ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അസുഖം ഒരു പ്രദേശത്ത് നിന്ന് വന്നതാണെന്നും വൈറസിനെ നിയന്ത്രണ വിധേയമാക്കിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിപ വൈറസ് ബാധയേറ്റ് ഇതുവരെ 11 മരണമാണ് റിപ്പേര്‍ട്ട് ചെയ്തത്. പുതിയ കേസുകളെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. മരിച്ചവരുമായി ബന്ധപ്പെട്ടവരില്‍ ഏഴ് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിതില്‍ അഞ്ചെണ്ണം നെഗറ്റീവായിരുന്നു. രണ്ടെണ്ണത്തിന്റെ ഫലം പുറത്തു വന്നിട്ടുമില്ല. നിപ വൈറസ് മഹാമാരിയല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു.


നിപ വൈറസ് ജാഗ്രതയുടെ ഭാഗമായി വടക്കന്‍ ജില്ലകളായ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഏത് ഭാഗങ്ങിളിലേക്കും യാത്ര ചെയ്യുന്നത സുരക്ഷിതമാണെന്നും അതീവ ജാഗ്രത ആവശ്യമുള്ളവരാണെങ്കില്‍ വടക്കന്‍ ജില്ലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. വൈറസ് ബാധ കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് യു.എ ഇ. ഇന്ത്യന്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും യു.എ.ഇ പൗരന്‍മാരോട് നിര്‍ദേശിച്ചു.

അതേസമയം നിപ വൈറസിനെതിരെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നവിധം വ്യാജ പ്രചരണം നടത്തിയതിന് മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെ വടക്കാഞ്ചേരി പോലീസ് കേസെടുത്തു. പ്രൈവറ്റ് ആയുര്‍വേദിക് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ പരാതിയിലാണ് കേസ്. നിപ എന്നൊരു വൈറസ് ഇല്ലെന്നും മരുന്നുമാഫിയയാണ് ഇതിന് പിന്നിലെന്നുമായിരുന്നു പ്രകൃതി ചികിത്സകനെന്ന് സ്വയം അവകാശപ്പെടുന്ന ജേക്കബ് വടക്കാഞ്ചേരിയുടെ പ്രചരണം. വവ്വാല്‍ ചപ്പിയ പഴത്തിന്റെ ബാക്കിയാണ് നിങ്ങളെ തിന്ന് കാണിക്കുന്നതെന്ന് പറഞ്ഞായിരുന്നു മോഹനന്‍ വൈദ്യരുടെ പ്രചരണം.

Top Stories
Share it
Top