നിപ; മുഖ്യമന്ത്രിയേയും ആരോ​ഗ്യമന്ത്രിയേയും അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി

Published On: 12 Jun 2018 10:45 AM GMT
നിപ; മുഖ്യമന്ത്രിയേയും ആരോ​ഗ്യമന്ത്രിയേയും അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിപ വൈറസ് ബാധക്കെതിരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ അഭിനന്ദനാര്‍ഹമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചർ എന്നിവരെ ഫേസ്ബുക്ക് പേജിലൂടെയാണ് കുഞ്ഞാലിക്കുട്ടി അഭിനന്ദിച്ചത്. കൂടാതെ നിപ വൈറസ് ബാധിച്ച് മരിച്ച നേഴ്സ ലിനിയെയും എംപി പ്രത്യേകം പരാമർശിച്ചു. ആതുര സേവനത്തിന്റെ ഉദാത്തമാതൃകയാണ് ലിനിയെന്നും അവരുടെ ആത്മാര്‍ഥതയെ കേരളം എന്നും ഓര്‍ത്തിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി ‌ഫേസ്ബുക്കിൽ കുറിച്ചു.

കൂടാതെ നിപ വൈറസ് ബാധക്കെതിരെ അഹോരാത്രം പ്രയത്നിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജിലേയും, മറ്റ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവരേയും കുഞ്ഞാലിക്കുട്ടി അഭിനന്ദിച്ചു.

നിപ വിഷയത്തില്‍ രാഷ്ട്രീയം കാണാതെ സര്‍ക്കാരിനൊപ്പം നിന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇടത്-വലത് മുന്നണി ഘടകകക്ഷി നേതാക്കള്‍, സാമൂഹിക-സന്നദ്ധ-സാംസ്‌കാരിക നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവർക്കും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാൽ ഇത്തരം പകർച്ചവ്യാധികൾക്കെതിരെ കേരളം ഇനിയും കരുതിയിരിക്കേണ്ടിയിരിക്കുന്നെന്നും ഇനിയുള്ള പോരാട്ടം ഇത്തരം പകർച്ച വ്യാധികൾക്കെതിരെ ആകട്ടെയെന്നും കുഞ്ഞാലിക്കുട്ടി ഫോസ്ബുക്കിലൂടെ ആഹ്വാനം ചെയ്തു.

Top Stories
Share it
Top