നിപ; ചികിത്സാ ചെലവ് തിരിച്ച് നൽകുമെന്ന് മുഖ്യമന്ത്രി

Published On: 2018-06-04T17:30:00+05:30
നിപ; ചികിത്സാ ചെലവ് തിരിച്ച് നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടർന്നുള്ള ചികിത്സാ ചെലവുകൾ അതാത് കുടുംബങ്ങള്‍ക്ക് തിരിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി. കലക്ടർമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പണം നല്‍കുക. നിപയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും സര്‍വകക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നിപ വൈറസ് ബാധ സംബന്ധിച്ച് ആശങ്കവേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. എന്നാല്‍ വൈറസിനെതിരെയുള്ള മുൻകരുതൽ ജൂൺ അവസാനം വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നിപ ബാധിച്ച കുടുംബങ്ങള്‍ക്ക് നാളെ മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യും.

കോഴിക്കോട് 2400 കുടുംബങ്ങള്‍ക്കും, മലപ്പുറത്ത് 150 കുടുംബങ്ങള്‍ക്കുമാണ് നിത്യോപയോഗ കിറ്റ് വിതരണം ചെയ്യുക. കുറുവ അരി, പഞ്ചസാര, ചായപ്പൊടി എന്നിവയെല്ലാം കിറ്റില്‍ ഉള്‍പ്പെടുത്തും. കഴിവതും ഈ രണ്ടു ജില്ലകളിലെ പൊതുചടങ്ങുകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്തിട്ടുള്ള എല്ലാ നടപടികളും അഭിനന്ദനാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെ നില്‍ക്കുമെന്നും ഒറ്റക്കെട്ടായി സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top