നിപ്പ വൈറസ് ബാധ; നിരീക്ഷണത്തിലുളളവരുടെ പരിശോധന ഫലവും നെഗറ്റീവ്

Published On: 2018-06-09T17:00:00+05:30
നിപ്പ വൈറസ് ബാധ; നിരീക്ഷണത്തിലുളളവരുടെ പരിശോധന ഫലവും നെഗറ്റീവ്

കോഴിക്കോട്: നിപ്പ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണ വാർഡിൽ കഴിയുന്ന ഒൻപതുപേരുടെയും സാംപിൾ പരിശോധന ഫലവും നെഗറ്റീവ്. ഇവരിൽ ഏഴുപേരുടെ ഫലം ഇന്നലെയാണു കിട്ടിയത്. ബാക്കി രണ്ടുപേർ നേരത്തേതന്നെ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു.

ഇന്നലെ ആരെയും നിപ്പ വൈറസ് ബാധ സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. തുടർച്ചയായ എട്ടാം ദിവസമാണു നിപ്പ ആശങ്കയില്ലാതെ കടന്നുപോകുന്നത്. ഇതോടെ നിപ്പ വൈറസ് ബാധയുടെ ഭീതി ഒഴിയുകയാണെന്ന വിശ്വാസം കൂടുതൽ ബലപ്പെട്ടിട്ടുണ്ട്. എങ്കിലും നിരീക്ഷണവും ജാഗ്രതയും തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിപ്പ വൈറസ് ബാധയേറ്റ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടികയിൽ നിരീക്ഷിക്കുന്നവരുടെ എണ്ണം 2,649 ആയി.

നിപ്പ ഭീതി ഒഴിയുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്കൂളുകൾ ജൂൺ 12നു തുറക്കുമെന്നു കലക്ടർ യു.വി.ജോസ് അറിയിച്ചു. പൊതുപരിപാടികൾക്കുള്ള നിയന്ത്രണം ജൂൺ 11നു അവസാനിക്കും. പേരാമ്പ്രയിലെ 21 ദിവസ നിരീക്ഷണ സമയം അവസാനിച്ചതിനാൽ അവിടെയും സ്കൂൾ തുറക്കുന്നതിന് പ്രശ്നമില്ലെന്നു കലക്ടർ വ്യക്തമാക്കി.

Top Stories
Share it
Top