നിപ വൈറസ്: കേരളം ജാഗ്രതയില്‍

Published On: 2018-05-21T11:45:00+05:30
നിപ വൈറസ്: കേരളം ജാഗ്രതയില്‍

കോഴിക്കോട്: നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.തിങ്കളാഴ്ച്ച രാവിലെ ചേര്‍ന്ന വാര്‍ത്ത സമ്മേള്ളനത്തിലാണ് മന്ത്രി നടപടികള്‍ വിശദീകരിച്ചത്.

ജില്ലാ കലക്ടര്‍ ചെയര്‍മാനായ ഒരു ടീം അടിയന്തര ഘട്ടങ്ങള്‍ നേരിടാന്‍ രൂപീകരിചു കഴിഞ്ഞു. ഹെല്‍ത്ത് സര്‍വ്വീസിന്റെ രണ്ടാം ടീമും ഇതിനായി പ്രവര്‍ത്തിക്കും.ഇന്നലെ ചേര്‍ന്ന സ്വകാര്യ ആശുപത്രികളുടെ യോഗത്തില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് അതിനുള്ള സൗകര്യം ലഭ്യമാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്ക് ചികിത്സ നല്‍കണം. അവര്‍ക്കായി സർക്കാർ ധനസഹായം നല്‍കും.

ബീവറേജസ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 20ലക്ഷം രുപ അടിയന്തര സഹായങ്ങള്‍ക്കായി മെഡിക്കല്‍ കോളെജിനു കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവ സ്ഥലം സന്ദര്‍ശിച്ച വിദഗ്ധര്‍ സമീപ പ്രദേശത്തെ പഴയ കിണറില്‍ വവ്വല്‍ കൂട്ടമായിട്ടുള്ളതായി കണ്ടിരുന്നു. തുടര്‍ന്ന് വവ്വാല്‍ പുറത്തു വരാത്ത രീതിയില്‍ കിണര്‍ അടച്ചു വെന്നും മന്ത്രി പറഞ്ഞു.

വവ്വാലില്‍, പന്നി എന്നിവയില്‍ നിന്നുമാണ് രോഗം പകരുന്നത്. അതിനാല്‍ ഭക്ഷ്യ വസ്തുക്കളില്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കണം. ആഹാരത്തിനു മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. കേന്ദ്രത്തില്‍ നിന്നുള്ള സംഘം കോഴിക്കോടെത്തിയെന്നും അവര്‍ സംഭവ സ്ഥലം ഉടന്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Top Stories
Share it
Top