നിപയ്ക്ക് പിന്നാലെ കരിമ്പനിയും, ഭീതിയോടെ സൂപ്പിക്കട

Published On: 25 July 2018 9:00 AM GMT
നിപയ്ക്ക് പിന്നാലെ കരിമ്പനിയും, ഭീതിയോടെ സൂപ്പിക്കട

കോഴിക്കോട് : നിപയ്ക്ക് പിന്നാലെ കരിമ്പനി (Visceral leishmaniasis) യും കണ്ടെത്തിയതോടെ പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട പ്രദേശവാസികള്‍ ഭീതിയില്‍. സൂപ്പിക്കടയിലെ നാല്പത്തിരണ്ടുകാരനിലാണ് കരിമ്പനി സ്ഥിരീകരിച്ചത്. പനിമൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ വിദഗ്ദപരിശോധനയിലാണ് കരിമ്പനി സ്ഥിരീകരിച്ചത്.

നിപ വൈറസ് ബാധയുടെ അലയൊലികള്‍ അടങ്ങും മുമ്പെയാണ് സൂപ്പിക്കടയില്‍ കരിമ്പനി കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരോഗ്യ വിഭാഗം തികഞ്ഞ ജാഗ്രതയിലാണ്. മണലീച്ച പരത്തുന്ന ഈ രോഗം കരളിനെയും പ്ലീഹയേയുമാണ് ബാധിക്കുക.

കടുത്ത പനി, കയല തടിക്കല്‍, രക്തക്കുറവ്, ആന്തരികാവയവങ്ങള്‍ തടിക്കുന്നത് മൂലമുണ്ടാകുന്ന വയര്‍വീര്‍ക്കല്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. സംസ്ഥാന എന്‍ഡോമോളജി വകുപ്പിലെ വിദഗ്ധര്‍ ഇന്ന് സൂപ്പിക്കടയിലെത്തി പ്രദേശത്ത് മണലീച്ചകളുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിച്ചു.

ഇന്നലെ ജില്ലാ ഡപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ കെ.ഇസ്മായില്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് പി.കുമാരന്‍, പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ആലി, ചങ്ങരോത്ത് മെഡിക്കല്‍ ഓഫിസര്‍ ബിജേഷ് ഭാസ്‌കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. രോഗബാധിതനുമായി അടുപ്പമുള്ളവരേയും പരിസരവാസികളേയും ആരോഗ്യ വിഭാഗം പരിശോധിച്ചു. പരിശോധനയില്‍ ആര്‍ക്കും രോഗ ലക്ഷണങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ല.


രോഗം ബാധിച്ച ആള്‍ രണ്ടാഴ്ച മുമ്പ്് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്നു രണ്ട് യൂണിറ്റ് രക്തം സ്വീകരിച്ചിരുന്നു. അതുവഴിയാകും രോഗാണു ശരീരത്തില്‍ പ്രവേശിച്ചതെന്നും സംശയിക്കുന്നുണ്ട്. കേരളത്തില്‍് കരിമ്പനി അപൂര്‍വ്വമായി മാത്രമേ കാണാറുള്ളൂ. സംസ്ഥാനത്ത് ഈ വര്‍ഷം കൊല്ലം വില്ലുമലയിലും മലപ്പുറത്തും തിരുവനന്തപുരത്തുമാണ് കരിമ്പനി റിപ്പോര്‍ട്ട് ചെയ്തത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി നാല് പേരില്‍ കരിമ്പനി സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 2005ലും 2016ലും കരിമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരിമ്പനി ഭയപ്പെടേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ തത്സമയത്തോട് പറഞ്ഞു. ഇയാള്‍ക്ക് രോഗം വന്നത് ഏത് വഴിയാണെന്ന് കണ്ടത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

Top Stories
Share it
Top