നിപ വൈറസ്; മലപ്പുറത്ത് വൃത്തിഹീനമായ അച്ചാര്‍ കടകള്‍ അടപ്പിച്ചു

Published On: 23 May 2018 4:00 PM GMT
നിപ വൈറസ്; മലപ്പുറത്ത് വൃത്തിഹീനമായ അച്ചാര്‍ കടകള്‍ അടപ്പിച്ചു

മലപ്പുറം: ജില്ലയില്‍ മക്കരപ്പറമ്പ് കാച്ചിനിക്കാട്ട് വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവൃത്തിച്ച ഉപ്പിലിട്ടതും അച്ചാറുകളും വിറ്റ താല്‍ക്കാലിക കടകള്‍ ജില്ലാ ഭരണകൂടം അടച്ചു പൂട്ടി. ആരോഗ്യ, ഭക്ഷ്യസുരക്ഷ, റവന്യൂ വകുപ്പുകള്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. ജില്ലയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യംകൂടി പരിഗണിച്ചാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വൃത്തിഹീനമായ അന്തരീക്ഷത്തിലാണു കടകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് സംഘം പറഞ്ഞു. തദ്ദേശഭരണസ്ഥാപനത്തിന്റെയും ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെയും ലൈസന്‍സ്, വില്‍പനക്കാര്‍ക്ക് ആരോഗ്യസാക്ഷ്യപത്രം എന്നിവയുണ്ടെങ്കിലേ വില്‍പ്പന അനുവദിക്കൂ. ഡപ്യൂട്ടി കലക്ടര്‍ ജെ.ഒ.അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

അതേസമയം നിപ വൈറസ് ബാധിച്ച് മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ അതീവ ജാഗ്രത പ്രഖ്യാപിത പഞ്ചായത്തുകളായ മൂര്‍ക്കനാട്, തെന്നല, മൂന്നിയൂര്‍, തേഞ്ഞിപ്പലം എന്നിവിടങ്ങളിലെ അംഗന്‍ വാടികള്‍ അടച്ചിടാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം നല്‍കി.. വൈറസ് ബാധയുടെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.

Top Stories
Share it
Top