നിപ പ്രതിരോധം;കോഴിക്കോടിന്റെ സ്നേഹാദരം നാളെ

Published On: 2018-06-30T11:15:00+05:30
നിപ പ്രതിരോധം;കോഴിക്കോടിന്റെ സ്നേഹാദരം നാളെ

കോഴിക്കോട്: നിപ വൈറസിനെ പ്രതിരോധിച്ച് സുരക്ഷയും ചികിത്സയും ഒരുക്കിയവര്‍ക്കുള്ള കോഴിക്കോടിന്റെ സ്നേഹാദരം നാളെ. ടാഗോര്‍ സെന്റിനറി ഹാളില്‍ ഞായറാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന സ്നേഹാദരം ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ മറ്റുജനപ്രതിധിനികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

മന്ത്രിമാരുള്‍പ്പെടെ 275 ഓളം പേരെയാണ് ചടങ്ങില്‍ ആദരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍, ഡിഎംഒ, ഡോക്ടര്‍മാര്‍, നിപ വൈറസ് സംശയിച്ച് സാമ്പിളുകള്‍ പരിശോധനക്കയക്കുകയും രോഗ സ്ഥിരീകരണത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ബേബി മെമ്മോറിയല്‍ ആശുപത്രിയലെ ഡോക്ടര്‍ അനൂപ് കുമാര്‍, നിപ സ്ഥിരീകരിക്കുകയും ദിവസങ്ങളോളം കോഴിക്കോട് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാവുകയും ചെയ്ത മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററിലെ ഡോക്ടര്‍ ജി. അരുണ്‍കുമാര്‍, മരിച്ചവരുടെ സംസ്‌കാരത്തിന് നേതൃത്വം നല്‍കിയ കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍, രോഗികളെ പരിചരിച്ച നേഴ്സുമാര്‍, സ്വയം സന്നദ്ധരായ ആംബുലന്‍സ് ഡ്രൈവര്‍മാര്‍, വെസ്റ്റ്ഹില്‍ ശ്മാശനത്തിലെ ജീവനക്കാരന്‍ അജിത് കുമാര്‍, ശിവപാദം ഐവര്‍മഠത്തിലെ ജീവനക്കാര്‍ തുടങ്ങി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ട എല്ലാരെയും ആദരിക്കും. എല്ലാവര്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിക്കും.

Top Stories
Share it
Top