നിയന്ത്രിക്കാനാകാതെ നിപ വൈറസ് രണ്ടാംഘട്ടത്തില്‍; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

Published On: 1 Jun 2018 3:00 AM GMT
നിയന്ത്രിക്കാനാകാതെ നിപ വൈറസ് രണ്ടാംഘട്ടത്തില്‍; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: നിപ കാരണം ഒരു മരണം കൂടെ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ വീണ്ടും ജാഗ്രതാനിര്‍ദ്ദേശം നല്‍കി. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പ് തിരുമാനിച്ചു. മെയ് അഞ്ചിന് രാവിലെ 10 മുതല്‍ വൈകിയിട്ട് അഞ്ചുവരെ മെഡിക്കല്‍ കോളേജ് ആശുപത്രി കാഷ്യാലിറ്റി, സി.ടി സ്്കാന്‍ റൂം വിശ്രമമുറി എന്നിവിടങ്ങളിലും 14ന് രാത്രി ഏഴുമുതല്‍ ഒമ്പതുവരേയും 18,19 തിയതികളില്‍ ഉച്ച രണ്ടുവരെയും ബാലുശ്ശേരി ഗവ. ആശുപത്രിയിലും പോയവര്‍ നിപ സെല്ലില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വിളിക്കേണ്ട ഫോണ്‍ നമ്പര്‍: 0495-2381000. വിളിക്കുന്നവരുടെ പേരുവിവരം പരസ്യമാക്കില്ലെന്നും ആരോഗ്യ വകുപ്പ് ഡയരക്ടര്‍ അറിയിച്ചു.

നിപ വൈറസ് ആക്രമണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി ആരോഗ്യവകുപ്പ് വിലയിരുത്തി. സംസ്ഥാനത്ത് ആകെ നിപ വൈറസ് ബാധയെ തുടര്‍ന്ന് 17 പേര്‍ മരിച്ചതായാണ് കണക്കുകള്‍. വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച റഷിന്‍ പേരാമ്പ്രയില്‍ മരിച്ച സാമ്പിത്തുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയരക്ടര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് ശേഖരിച്ചു വരികയാണ്. വൈറസിന്റെ ഉറവിടം പ്രത്യേക വിങ് അന്വേഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് സ്‌കൂള്‍ പ്രവേശനോത്സവം ആരംഭിച്ചുവെങ്കിലും കോഴിക്കോട് മലപ്പുറം ജില്ലയില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത് ഈ മാസം അഞ്ചുവരെ നീട്ടി.


Top Stories
Share it
Top