ആറാം പ്രവൃത്തിദിനത്തിലും കുട്ടികളില്ല; ചാത്തമംഗലം ഗവ. വെല്‍ഫെയര്‍ സ്‌കൂള്‍ ചരിത്രമാകുന്നു

കോഴിക്കോട്: ആറാം പ്രവൃത്തിദിനത്തിലും ആദ്യാക്ഷരം കുറിക്കാന്‍ കുട്ടികളെത്താതായതോടെ ഒരു നൂറ്റാണ്ട് പഴക്കമുള്ള ചാത്തമംഗലം ഗവ. വെല്‍ഫെയര്‍ സ്‌കൂള്‍...

ആറാം പ്രവൃത്തിദിനത്തിലും കുട്ടികളില്ല; ചാത്തമംഗലം ഗവ. വെല്‍ഫെയര്‍ സ്‌കൂള്‍ ചരിത്രമാകുന്നു

കോഴിക്കോട്: ആറാം പ്രവൃത്തിദിനത്തിലും ആദ്യാക്ഷരം കുറിക്കാന്‍ കുട്ടികളെത്താതായതോടെ ഒരു നൂറ്റാണ്ട് പഴക്കമുള്ള ചാത്തമംഗലം ഗവ. വെല്‍ഫെയര്‍ സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍. ഈ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് ചേരാന്‍ കൂട്ടികള്‍ ഇല്ലാത്തതാണ് ഈ ഏകാധ്യാപക വിദ്യാലയത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷമായി ഒന്നാം ക്ലാസില്‍ ചേരാന്‍ കൂട്ടികള്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം നാലാം ക്ലാസിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം അഞ്ചാം ക്ലാസിലേക്ക് മാറിയതോടെയാണ് സ്‌കൂളില്‍ കുട്ടികള്‍ ഇല്ലാതായത്. ഇതോടെ ഈ വര്‍ഷം സ്‌കൂളില്‍ കുട്ടികളില്ലെന്നു കാണിച്ച് പ്രധാനാധ്യാപിക എം. കെ. തങ്കമണി എ ഇ ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

പ്രധാനാധ്യാപികയെക്കൂടാതെ പാര്‍ട്ട്‌ടൈം സ്വീപ്പറാണ് ജീവനക്കാരായുള്ളത്. സ്ഥലംമാറ്റം കിട്ടിയ പ്രധാനാധ്യാപിക താത്കാലികമായാണ് സ്‌കൂളില്‍ തുടരുന്നത്. കെ.പി. ചോയിയുടെ ഉടമസ്ഥതയിലുള്ള നാല്‍പ്പതര സെന്റ് ഭൂമിയില്‍ 1920ലാണ് സ്‌കൂളിന് തുടക്കംകുറിച്ചത്. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്ന പിന്നാക്ക വിഭാഗക്കാരെ ലക്ഷ്യംവെച്ചാണ് സ്‌കൂള്‍ തുടങ്ങിയത്. 1930ലെ ഭക്ഷ്യക്ഷാമക്കാലം മുതല്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം ഏര്‍പ്പെടുത്തി. ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് അക്കാലത്ത് വലിയ അനുഗ്രഹമായിരുന്നു ഉച്ചഭക്ഷണം. 1960നു ശേഷം സ്‌കൂളിന്റെ പേര് ഗവ. വെല്‍ഫെയര്‍ എല്‍.പി.സ്‌കൂള്‍ എന്നാക്കി. തുടക്കത്തില്‍ ഒന്നുമുതല്‍ അഞ്ചാംക്ലാസുവരെ ഉണ്ടായിരുന്നു. പിന്നീട് നാലാം ക്ലാസ് വരെയാക്കി. 2005ല്‍ സ്‌കൂളിന്റെ സ്ഥലം സ്വകാര്യവ്യക്തിയില്‍നിന്ന് വിലയ്‌ക്കെടുത്തു. 2007ല്‍ സ്‌കൂളിനോടുചേര്‍ന്ന് അങ്കണവാടി സ്ഥാപിച്ചു. 2015ല്‍ ഓടുമേഞ്ഞ പഴയകെട്ടിടം പൊളിച്ചുമാറ്റി വാര്‍പ്പുകെട്ടിടം നിര്‍മിച്ചു. എന്നാല്‍, ഭൗതികസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടും പഠിക്കാന്‍ വിദ്യാര്‍ഥികള്‍ എത്തിയില്ല.

സ്‌കൂളിന്റെ ഇരുനില കെട്ടിടത്തില്‍ പുതുതായി ആരംഭിച്ച ചാത്തമംഗലം ഗവ.ഐ.ടി.ഐ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നുണ്ട്. എരിമലയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതോടെ ഐ.ടി.ഐ അങ്ങോട്ടേക്ക് മാറും. അതേസമയം കുട്ടികളില്ലാത്തതിനാല്‍ സ്‌കൂളിലേക്ക് അധ്യാപകരെ നിയമിച്ചിട്ടില്ലെന്നും എന്നാല്‍, സ്‌കൂള്‍ പൂട്ടുന്നകാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ. സുരേഷ്‌കുമാര്‍ വ്യക്തമാക്കി.

Read More >>