നിപ: ഭീതി അകലുന്നു‌, സംശയിച്ചവര്‍ക്ക് രോഗമില്ല

Published On: 2018-06-26T11:45:00+05:30
നിപ: ഭീതി അകലുന്നു‌, സംശയിച്ചവര്‍ക്ക് രോഗമില്ല

കോഴിക്കോട്: നിപ വൈറസ‌് ഭീതിയിൽ നിന്ന് ജില്ല മുക്തമാകുന്നു. 17 പേരുടെ മരണത്തിന് കാരണമായ വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും പുതിയ രോഗബാധിതരെ കണ്ടെത്തിയില്ല. കഴിഞ്ഞ ദിവസം നിപ സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുടുംബത്തിന‌് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

മലപ്പുറം ജില്ലയിലെ തദ്ദേശസ്വയംഭരണ ജനപ്രതിനിധിയെയും രണ്ട് മക്കളെയുമാണ് പനിയെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. നിപ സംശയത്തെ തുടര്‍ന്ന് ഐസോലേറ്റഡ് വാര്‍ഡിലായിരുന്നു ഇവര്‍. മൂന്നുപേരുടെയും സ്രവം മണിപ്പാല്‍ വൈറസ് റിസേര്‍ച്ച് സെന്ററില്‍ പരിശോധിച്ച് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. നേരത്തെ നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കോഴിക്കോട്, പാലക്കാട് സ്വദേശികളായ രണ്ടു പേരുടെ പരിശോധനഫലവും നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.

ജൂൺമാസം അവസാനിക്കാറായതാടെ ഇക്കൊല്ലം കൂടുതൽ കേസുകളുണ്ടാകാനുള്ള സാധ്യത അവസാനിച്ചതായാണ‌് കരുതുന്നത‌്. വരും വർഷങ്ങളിൽ വീണ്ടും രോഗബാധയുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളാണ‌് ഇനി ആവശ്യം.

Top Stories
Share it
Top