കന്യാസ്ത്രീയുടെ പരാതി സ്ഥിരീകരിച്ച് പാലാ ബിഷപ്പ്; കര്‍ദിനാളിന്റെ വാദം തെറ്റ്

Published On: 14 July 2018 10:45 AM GMT
കന്യാസ്ത്രീയുടെ പരാതി സ്ഥിരീകരിച്ച് പാലാ ബിഷപ്പ്; കര്‍ദിനാളിന്റെ വാദം തെറ്റ്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്​ത്രീ വാക്കാൽ മാത്രമാണ്​ പരാതി നൽകിയതെന്നും പരാതി മേൽഘടകത്തിനെ അറിയിക്കാൻ കന്യാസ്​ത്രീയോട്​ നിർദേശിച്ചിരുന്നതായും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞു.

ജലന്ധര്‍ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച പരാതി കുറവിലങ്ങാട് വികാരിക്കാണ് കന്യാസ്ത്രീ ആദ്യം നല്‍കിയത്. വികാരിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാല ബിഷപ്പിനോട് പരാതിപെട്ടത്. എന്നാല്‍, ഈ വിവരം തന്നോടല്ല പറയേണ്ടതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അറിയിക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നുവെന്നും ബിഷപ്പ് അറിയിച്ചു.

ജലന്ധർ ബിഷപ്പ്​ കുറുവിലങ്ങാട്​ മഠത്തിൽ വച്ച് തന്നെ​ 13 തവണ പീഡിപ്പിച്ചുവെന്നാണ്​ കന്യാസ്​ത്രീ നൽകിയിരിക്കുന്ന പരാതി. സംഭവത്തെ കുറിച്ച്​ വത്തിക്കാ​​​ൻെറ ഇന്ത്യൻ പ്രതിനിധിയടക്കം പാലാ ബിഷപ്പിനോടും കർദിനാൾ മാർ ആലഞ്ചേരിയോടും പരാതിപ്പെട്ടിരുന്നു. എന്നാൽ ഒരു നടപടിയും ഇവരുടെ ഭാഗത്തു നിന്ന്​ ഉണ്ടായില്ലെന്നും കന്യാസ്​ത്രീ പരാതിയിൽ പറയുന്നു

അതേസമയം പീഡനം വിവരം സംബന്ധിച്ച് കന്യാസ്ത്രീ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നില്ലെന്ന കര്‍ദിനാളിന്റെ വാദം തള്ളുന്ന മൊഴിയാണ് ഇപ്പോള്‍ പാലാ ബിഷപ്പ് നല്‍കിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലായിലെ ബിഷപ്പ്‌സ് ഹൗസിലെത്തിൽ വെച്ച് മൊഴിയെടുത്തത്.

Top Stories
Share it
Top