നഴ്സുമാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്; ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ കാല്‍നട ജാഥ

തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും സമര മുഖത്തേക്ക്. ശമ്പള വര്‍ധനയാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷമാരംഭിച്ച സമരം...

നഴ്സുമാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്; ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ കാല്‍നട ജാഥ

തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും സമര മുഖത്തേക്ക്. ശമ്പള വര്‍ധനയാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷമാരംഭിച്ച സമരം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടികാഴ്ചയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തി വച്ചെങ്കിലും വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനാല്‍ പൂര്‍വ്വാധികം ശക്തിയോടെ അനിശ്ചിത കാല സമരം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുണൈറ്റഡ് നഴ്സ് അസോസിയേഷന്‍.

സമരത്തിന്റെ തുടക്കമെന്നോണം നാളെ ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ ഡിപ്പാര്‍ട്ട്മെന്റ് വ്യത്യാസമില്ലാതെ മുഴുവന്‍ നഴ്സുമാരും കാല്‍ നട ജാഥ നടത്തുമെന്ന് സമര സംഘാടകരിലൊരാളായ എ.ബി. റപ്പായി തത്സമയത്തോട് പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ചില്‍ മഹാരാഷ്ട്രയില്‍ നടന്ന കര്‍ക്ഷക ജാഥയുടേതിന് സമാനമായ അവസ്ഥ കേരളത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മിനിമം വേതനം 20000 ആക്കണമെന്നും കെ.വി.എം ആശുപത്രിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ട് ആരംഭിച്ച സമരം ഇതോടെ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. നിര്‍ദേശങ്ങള്‍ പരിഗണിക്കാത്തതിനാല്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ അറിയിച്ചിട്ടുണ്ട്.

സമരത്തില്‍ മുഴുവന്‍ ജീവനക്കാരും പങ്കെടുത്താല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളടക്കം അവതാളത്തിലാവും. നാളെ മൂന്നു മണിക്കാരംഭിക്കുന്ന കാല്‍നട ജാഥ ലക്ഷ്യത്തിലെത്താന്‍ ഒരാഴ്ചയെങ്കിലുമെടുക്കുമെന്നതിനാല്‍ ജാഥ കടന്നു പോകുന്ന വഴിയില്‍ ഗതാഗത തടസ്സവുമുണ്ടാകും. ദിവസം 20 കിലോ മീറ്റര്‍ വീതം നടന്ന്് ജാഥ പൂര്‍ത്തിയാക്കാനാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്. ജാസ്മിന്‍ ഷായാണ് ജാഥാ ക്യാപ്റ്റന്‍. ജാഥാ കണ്‍വീനര്‍ മെല്‍ജോ ഏലിയാസ്. ലേബര്‍ കമ്മീഷനുമായി ശനിയാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് നഴ്‌സുമാര്‍ സമരം പുനരാരംഭിക്കുന്നത്.

Read More >>