നഴ്സുമാരുടെ സമരം അവസാനിപ്പിക്കുവാൻ നിയമപരമായ സാധ്യത തേടുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

Published On: 2018-05-16T19:15:00+05:30
നഴ്സുമാരുടെ സമരം അവസാനിപ്പിക്കുവാൻ നിയമപരമായ സാധ്യത തേടുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ നിയമപരമായ നടപടിക്ക് സാധ്യത തേടുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. മിനിമം വേതനം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി നഴ്സുമാരാണ് ആശുപത്രിയില്‍ അനിശ്ചിതകാല സമരം നടത്തുന്നത്.

ആരുമായും വെല്ലുവിളിക്കോ ഏറ്റുമുട്ടലിനോ സര്‍ക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മിനിമം വേതനം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കെവിഎം ആശുപത്രിയില്‍ നടപ്പാക്കിയിട്ടില്ലെന്നാണ് സമരക്കാരുടെ പ്രധാന പരാതി. ഇതിനു പുറമേ ആശുപത്രിയില്‍ 12 മണിക്കൂര്‍ നഴ്സുമാരെ ജോലി ചെയ്യിപ്പിക്കുന്നതും ഒഴിവാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

തൊഴിലാളി വര്‍ഗ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാനത്തിന്റെ സമഗ്രവികസനം സാധ്യമാക്കുന്നതിനും തൊഴില്‍നയം ഊന്നല്‍ നല്‍കുന്നു. തൊഴില്‍മേഖലയിലെ എല്ലാ അനാരോഗ്യപ്രവണതകളും അവസാനിപ്പിക്കും. ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നതും അമിതകൂലി ആവശ്യപ്പെടുന്നതും അവസാനിപ്പിക്കുമെന്ന് കരട് തൊഴില്‍ നയത്തില്‍ വ്യക്തമാക്കിയിരുന്നു.

സാര്‍വദേശീയ തൊഴിലാളിദിനമായ മെയ് ഒന്നുമുതല്‍ ഇത് സംസ്ഥാനത്ത് നടപ്പായിക്കഴിഞ്ഞു. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ ട്രേഡ് യൂണിയനുകളും സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചതായും മന്ത്രി പറഞ്ഞു.

Top Stories
Share it
Top