ഓണത്തിനു മുമ്പായി 2272 കോടി പെന്‍ഷന്‍ വിതരണം ചെയ്യും

Published On: 2018-08-04 10:15:00.0
ഓണത്തിനു മുമ്പായി 2272 കോടി പെന്‍ഷന്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ഓണത്തിനുമുമ്പ് വിവിധ ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ 2272.56 കോടി രൂപ വിതരണം ചെയ്യും. 42,48,054 പേര്‍ക്കാണ് ഏപ്രില്‍മുതല്‍ ജൂലൈവരെ നാലുമാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കുക. ഇവരുടെയെല്ലാം കുടുംബത്തില്‍ കുറഞ്ഞത് 4400 രൂപയെങ്കിലും സഹായമായി എത്തും. ഇതില്‍ 8,73,504 പേര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുതായി ഉള്‍പ്പെടുത്തിയവരാണ്. സ്വന്തംനിലയില്‍ പെന്‍ഷന്‍ നല്‍കാന്‍ കഴിവില്ലാത്ത തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ 9,14,587 പേരുടെ പെന്‍ഷന്‍ ബാധ്യതയും ധനവകുപ്പ് ഏറ്റെടുക്കും.

ബോര്‍ഡുകളിലെ കുടിശ്ശിക തീര്‍ക്കാന്‍ 402.42 കോടി രൂപ നീക്കിവയ്ക്കും. സഹകരണ ബാങ്കുകള്‍വഴിയുള്ള പെന്‍ഷന്‍ 13ന് വിതരണം ആരംഭിക്കും. 2,05,472 പേര്‍ക്കാണ് പെന്‍ഷന്‍ നേരിട്ടെത്തിക്കുക. ബാങ്ക് വഴിയുള്ള 21,93,334 പേര്‍ക്ക് 17, 18 തീയതികളില്‍ അക്കൗണ്ടില്‍ പെന്‍ഷന്‍ പണമെത്തും. 4,73,129 കര്‍ഷകത്തൊഴിലാളികള്‍ക്കായി 208.18 കോടി രൂപയാണ് പെന്‍ഷന്‍ വിതരണത്തിന് നീക്കിവയ്ക്കുക. വാര്‍ധക്യപെന്‍ഷന്‍ വാങ്ങുന്ന 20,78,372 പേര്‍ക്ക് 914.48 കോടി രൂപ വേണം. 75 വയസ്സ് കഴിഞ്ഞവര്‍ക്ക് മാസം 1500 രൂപയാണ് പെന്‍ഷന്‍.

167.94 കോടി രൂപ ഭിന്നശേഷിക്കാരുടെ പെന്‍ഷനായി വിതരണം ചെയ്യും. 80 ശതമാനത്തിനുമേല്‍ ശാരീരികമാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് മാസം 1300 രൂപയാണ് സഹായം. 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകളില്‍ 77,601 പേര്‍ക്ക് പെന്‍ഷന്‍ വിതരണത്തിന് 34.14 കോടി രൂപ വേണം. 12,37,268 വിധവകള്‍ക്ക് 544.40 കോടിയാണ് വിതരണം ചെയ്യുക. പെന്‍ഷന്‍ വാങ്ങുന്നവരില്‍ 14,75,183 പേര്‍ വനിതകളാണെന്നതാണ് പ്രത്യേകത.

Top Stories
Share it
Top