കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വാക്‌പോര്; സോഷ്യല്‍ മീഡിയ നിയന്ത്രണം വേണം

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനേ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് ഭാരവാഹികളുടെ...

കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വാക്‌പോര്; സോഷ്യല്‍ മീഡിയ നിയന്ത്രണം വേണം

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനേ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗത്തിലും കടുത്ത വാക്കേറ്റം. സമീപനങ്ങളില്‍ സമൂലമായ മാറ്റം വേണമെന്നാണ് മിക്ക നേതാക്കളും വാദിച്ചത്. സോഷ്യല്‍ മീഡിയയിലും ഇതര മാധ്യമങ്ങളിലും ഇടപെടുന്നതില്‍ നിയന്ത്രണം വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

രാജ്യസഭാ സീറ്റ് വിഷയത്തില്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത മൂന്ന് നേതാക്കള്‍ക്കും തുല്യ ഉത്തരവാദിത്തമാണ് ഉള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ ആക്രമിക്കാനുള്ള ശ്രമത്തെ മുതിര്‍ന്ന നേതാക്കള്‍ ചെറുത്തു. ചെങ്ങന്നൂരില്‍ തിരിഞ്ഞു നോക്കാത്ത പി.ജെ കുര്യന്‍ അഭിപ്രായം പറയേണ്ടെന്ന് കെ.സി ജോസഫ് പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മില്‍ വലിയ ഏറ്റുമുട്ടലാണ് ഉണ്ടായത്. സോളാര്‍ വിഷയത്തിലുള്‍പ്പെടെ മാധ്യമങ്ങളില്‍ പാര്‍ട്ടിയെ ന്യായീകരിച്ച തനിക്ക് സ്ഥാനമാനങ്ങള്‍ തരുന്നതില്‍ എന്താണ് വിഷമമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു. ഉണ്ണിത്താനെ കോണ്‍ഗ്രസ് വക്താവാക്കിയതിനേക്കുറിച്ച് ഹസ്സന്‍ സംസാരിച്ചപ്പോള്‍, ഹസ്സനല്ല ഹൈക്കമാന്‍ഡാണ് തന്നെ വക്താവാക്കിയത് എന്ന് രാജ്‌മോഹന്‍ തിരിച്ചടിച്ചു.

കോണ്‍ഗ്രസ് പാർട്ടി രക്ഷപ്പെടില്ലെന്നും ഇതേ അവസ്ഥയിൽ തുടരുമെന്നും വി.എം. സുധീരൻ പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെക്കുറിച്ചും സുധീരന്‍ വിശദീകരണം നടത്തി. ഗ്രൂപ്പ് പ്രവർത്തനം കാരണം സംഘടനാ സംവിധാനം ഒരുമിച്ചു കൊണ്ടുപോകാനായില്ല. ഇതിൽ പിഴവു വന്നു. ഗ്രൂപ്പ് മാനേജർമാർ തന്നെ വളഞ്ഞിട്ടാക്രമിച്ചെന്നും സുധീരൻ പറഞ്ഞു. കെപിസിസി യോഗത്തിൽ സുധീരനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. യുഡിഎഫിനു തുടർഭരണം ലഭിക്കാതിരിക്കാൻ കാരണം സുധീരന്റെ നിലപാടുകളായിരുന്നെന്നു യോഗത്തിൽ വിമർശനമുയർന്നു.

കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളര്‍ന്നു വന്ന നേതാക്കളേയാണ് യുവ നേതാക്കള്‍ വിമര്‍ശിക്കുന്നത്. ഈ ചിന്ത യുവാക്കള്‍ക്കുണ്ടാകണമെന്ന് കെ.സി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസില്‍ അടിമുടി തിരുത്തല്‍ വേണമെന്നാണ് കെ മുരളീധരന്‍ ആവശ്യപ്പെട്ടത്. 11 മണിക്കു തുടങ്ങിയ യോഗത്തില്‍ എന്നാല്‍ പ്രത്യേക തീരുമാനമൊന്നും എടുത്തില്ല.

Read More >>