വൈദികര്‍ക്കെതിരായ പരാതിയില്‍ ഉറച്ച് യുവതി; രണ്ട് പേര്‍ ഒളിവില്‍

Published On: 2018-07-04T10:00:00+05:30
വൈദികര്‍ക്കെതിരായ പരാതിയില്‍ ഉറച്ച് യുവതി; രണ്ട് പേര്‍ ഒളിവില്‍

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കതിരായ ബലാല്‍സംഗ പരാതിയില്‍ ഉറച്ച് യുവതി. പൊലീസിന് നല്‍കിയ മൊഴി മജിസ്‌ട്രേറ്റിന് മുന്നിലും യുവതി ആവര്‍ത്തിച്ചു. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത രണ്ടു വൈദികരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ഇരുവരും ഒളിവിലാണ്. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ വൈദികരുടെ അറസ്റ്റ് കോടതി വിധി വന്ന ശേഷമായിരിക്കും ഉണ്ടാകുക. യുവതിയും വൈദികരും താമസിച്ച ഹോട്ടലുകളില്‍ പൊലീസ് പരിശോധന നടത്തും.

ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ പ്രതികളായ ബലാല്‍സംഗക്കേസില്‍ ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ വൈദികരുടെ അറസ്റ്റിന് വഴിയൊരുങ്ങി. മൊഴിപ്പകര്‍പ്പ് കിട്ടുന്നമുറയ്ക്ക് തുടര്‍നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങും. അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി അനുവദിക്കാതിരുന്നതും വൈദികര്‍ക്ക് തിരിച്ചടിയാണ്.

ഇന്നലെ വൈകീട്ട് അഞ്ചരമുതല്‍ രണ്ട് മണിക്കൂറോളം സമയമെടുത്താണ് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഇരയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ക്രിമിനല്‍ നടപടി ക്രമം 164ാം വകുപ്പുപ്രകാരം രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് കിട്ടുന്നതോടെ തുടര്‍നടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇന്നലെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിക്കാതിരുന്ന വൈദികര്‍ ഇന്ന് കോടതിയെ സമീപിക്കുമെന്നാണ് വിവരം.

Top Stories
Share it
Top