ലൈംഗികപീഡനം: വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

തിരുവല്ല : വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ വൈദികരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കഴിഞ്ഞദിവസം കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യു അന്വേഷണസംഘത്തിന്...

ലൈംഗികപീഡനം: വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

തിരുവല്ല : വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ വൈദികരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കഴിഞ്ഞദിവസം കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യു അന്വേഷണസംഘത്തിന് മുമ്പാകെ കീഴടങ്ങിയിരുന്നു. ജോബ് മാത്യു ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.

റിമാന്‍ഡിലുള്ള ജോബ് മാത്യു ഇപ്പോള്‍ പത്തനംതിട്ട ജില്ലാ ജയിലിലാണ്. ഇയാളെ കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായ സാഹചര്യത്തിലാണ് തീരുമാനം. മുഴുവന്‍ പ്രതികളും അറസ്റ്റിലായ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്ന് വൈദികരാണ് ഒളിവിലുള്ളത്. ഒന്നാം പ്രതി എബ്രഹാം വര്‍ഗീസും മൂന്നാം പ്രതി ജോണ്‍സന്‍ വി മാത്യുവും നാലാം പ്രതി ജെയ്‌സ് കെ ജോര്‍ജ്ജ് ഇവരില്‍ ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിയ്ക്കാന്‍ മാറ്റിവച്ചിരിക്കുകയാണ്. മറ്റ് രണ്ടുപേരുടെ അറസ്റ്റ് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി സുപ്രീംകോടതിയിലേക്ക് നീങ്ങാന്‍ വൈദികര്‍ ശ്രമിക്കുന്നതിനിടയിലും കീഴടങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്നാണ് രണ്ടാം പ്രതിയായ ഫാദര്‍ ജോബ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് അറസ്റ്റിലായ വൈദികന്‍ ജോബ് മാത്യു പറഞ്ഞു. പരാതിക്കാരിയുമായി അടുത്ത പരിചയമുണ്ട്. പലപ്പോഴും ആശ്രമത്തില്‍വച്ച് കണ്ടിട്ടുണ്ടെന്നും കുമ്പസാരിച്ചിട്ടുണ്ടോ എന്ന് ഓര്‍മ്മയില്ലെന്നും ഫാ.ജോബ് മാത്യു പറഞ്ഞു.

എന്നാല്‍ വൈദികനെതിരെയുളള സാക്ഷിമൊഴികള്‍ പൊലീസിന് കിട്ടി. പരാതിക്കാരി കുമ്പസാരിക്കാന്‍ വൈദികന്റെ അടുത്ത് എത്തിയിരുന്നതായി സാക്ഷി മൊഴിയുണ്ട്. വൈദികന്റെ ആശ്രമത്തില്‍ ഇവര്‍ എത്തിയിരുന്നതായും, മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടതായും ദൃക്‌സാക്ഷിമൊഴിയില്‍ പറയുന്നു. സാക്ഷികളുടെ രഹസ്യമൊഴിയും ക്രൈംബ്രൈഞ്ച് രേഖപ്പെടുത്തും.

Story by
Read More >>