എറണാകുളം ജില്ലയില്‍ 64 ദുരിതാശ്വാസ  ക്യാമ്പുകളിൽ 9401 പേര്‍

Published On: 10 Aug 2018 8:30 AM GMT
എറണാകുളം ജില്ലയില്‍ 64 ദുരിതാശ്വാസ  ക്യാമ്പുകളിൽ 9401 പേര്‍

കൊച്ചി: ഇടമലയാര്‍ അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന് പെരിയാറിലും കൈവഴികളിലും ജലനിരപ്പുയര്‍ന്നതിനാല്‍ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി എറണാകും ജില്ലിയില്‍ 64 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 9401 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. കൂടുതല്‍ ക്യാംപുകള്‍ തുറക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ആലുവ (8 ക്യാംപുകള്‍), പറവൂര്‍ (25), കുന്നത്തുനാട് (3), കണയന്നൂര്‍ (2) താലൂക്കുകളിലാണ് ക്യാംപുകള്‍ തുറന്നിട്ടുള്ളത്. ആലുവ താലൂക്കിലെ കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ തുറന്ന ക്യാംപിലാണ് ഏറ്റവുമധികം കുടുംബങ്ങള്‍ കഴിയുന്നത്. 166 കുടുംബങ്ങളിലെ 454 പേരാണ് ഇവിടെയുള്ളത്.

അണക്കെട്ട് തുറന്ന ഇന്നലെ രാവിലെ അഞ്ചിന് ആലുവ പാലസിലെത്തിയ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കി. ജലനിരപ്പുയരുന്നതിനാല്‍ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു.

മണപ്പുറം, ചൊവ്വര, ചെങ്കല്‍തോട്, ചേലാമറ്റം, കാലടി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ കളക്ടര്‍ സന്ദര്‍ശനം നടത്തി. ഉച്ചയ്ക്ക് ശേഷം പറവൂര്‍ താലൂക്കിലെ കുറ്റിക്കാട്ടുകര, വരാപ്പുഴ, മേത്താനം, പുറപ്പിള്ളിക്കാവ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ക്യാപുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി ജില്ല കളക്ടര്‍ അറിയിച്ചു. മരുന്ന്, ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ വിതരണം ചെയ്യും. ഓരോ ക്യാംപിലും ഒരു മെഡിക്കല്‍ ഓഫീസറുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ക്യാംപിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ചാര്‍ജ് ഓഫീസറെയും ചമുതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാംപുകള്‍ തുറക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Top Stories
Share it
Top