നെല്‍വയല്‍-തണ്ണീര്‍ത്തടം; അതിശക്തമായ സമരം ഉണ്ടാകുമെന്ന് എം.എം. ഹസന്‍

Published On: 23 Jun 2018 11:15 AM GMT
നെല്‍വയല്‍-തണ്ണീര്‍ത്തടം; അതിശക്തമായ സമരം ഉണ്ടാകുമെന്ന് എം.എം. ഹസന്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതികളിലൂടെ 2008ലെ നെല്‍വയല്‍- തണ്ണീര്‍ത്തട നിയമത്തിന് ചരമക്കുറിപ്പ് എഴുതുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. 30 വകുപ്പുകളുള്ള മൂലനിയമത്തിലെ പ്രധാനപ്പെട്ട 11 വകുപ്പുകളും ഭേദഗതി ചെയ്ത് സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഭൂരാജാക്കന്മാര്‍ക്കും റിയല്‍ എസ്റ്റേറ്റ് ലോബിക്കും തീറെഴുതാനുള്ള നാടകമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് ഹസൻ പറഞ്ഞു. മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് നിയമസഭയില്‍ ഈ ഭേദഗതി പാസാക്കിയാല്‍ അതിശക്തമായ ജനകീയ പ്രക്ഷോഭം ഉയരുമെന്നും ഹസന്‍ മുന്നറിയിപ്പു നൽകി.

നെല്‍വയല്‍, തണ്ണീര്‍ത്തടം, കരഭൂമി എന്നിവയ്ക്കു പുറമേ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നൊരു പുതിയ വിഭാഗം കൂടി ഭേദഗതിയില്‍ സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ഭൂമിയും വിജ്ഞാപനം ചെയ്യപ്പെടാതെ കിടക്കുന്നതിനാല്‍ ഈ പഴുത് ഉപയോഗിച്ച് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും യഥേഷ്ടം നികത്താനാകും. ഇത് ഭൂരാജക്കാര്‍ക്കുവേണ്ടിയല്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണ്ടിയാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം ഹസൻ ആവശ്യപ്പെട്ടു.

നെല്‍വയല്‍ തണ്ണീര്‍ത്തടങ്ങളുടെ കാവല്‍ക്കാരായി പ്രവര്‍ത്തിച്ചിരുന്ന പ്രാദേശിക സമിതികളുടെ അധികാരം കവര്‍ന്ന് അവയെ വെറും നോക്കുകുത്തികളാക്കുന്ന ഭേദഗതിയും ദുഷ്ടലാക്കോടെയാണെന്നും ഹസൻ പറഞ്ഞു. പൊതു ആവശ്യങ്ങള്‍ക്ക് നികത്താം എന്ന ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണെന്നും ഈ നിയമഭേദഗതിക്കെതിരേ കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഉണരണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

Top Stories
Share it
Top