പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ 17 കോടിയുടെ പദ്ധതി; കണ്ണന്താനത്തിന്റെ ഉറപ്പ്

Published On: 3 July 2018 5:45 AM GMT
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ 17 കോടിയുടെ പദ്ധതി; കണ്ണന്താനത്തിന്റെ ഉറപ്പ്

തിരുവനനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പുതുതായി നിര്‍ദേശിച്ച 17 കോടിയുടെ പദ്ധതികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വദേശി നിര്‍മ്മാണ്‍ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കണം. മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കെട്ടിട നിര്‍മ്മാണത്തിനായി വടക്കെ നടയിലെ പഴയ പോസ്റ്റ് ഓഫീസ് കെട്ടിടം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പദ്മതീര്‍ത്ഥ കുളത്തിലെ നവീകരണപ്രവര്‍ത്തി രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് ഉറപ്പുനല്‍കി.

പാഞ്ചജന്യം കല്യാണ മണ്ഡപത്തില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. ഇവിടെ ക്രാഫ്റ്റ് ബസാര്‍, മാര്‍ഷല്‍ ആര്‍ട്‌സ് അറീന, കൈത്തറി എംപോറിയം, വെല്‍നസ് സെന്റര്‍, യോഗ-പ്രകൃതി ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. രതീശന്‍, മാനേജര്‍ ബി. ശ്രീകുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. സനല്‍ കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.

Top Stories
Share it
Top