പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി പ്രദര്‍ശിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍ 

Published On: 2018-05-07T10:00:00+05:30
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി പ്രദര്‍ശിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍ 

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രനിലവറയിലെ കോടികളുടെ നിധി പ്രദര്‍ശിപ്പിക്കാനള്ള സാധ്യത തെളിയുന്നു. ഇതുമായി ബന്ധപ്പെട്ട പ്രദര്‍ശനശാലയൊരുക്കാനുള്ള കാര്യങ്ങളെ കുറിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ ചര്‍ച്ച ചെയ്തു.

സുപ്രീം കോടതിയുടെയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും അനുവാദം ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന നിലപാടിലാണ് ഇരുവരും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ചേംബര്‍ ഓഫ് കൊമേഴ്സ്, ട്രിവാന്‍ഡ്രം സിറ്റി കണക്ട്, ട്രിവാന്‍ഡ്രം അജന്‍ഡ ടാസ്‌ക് ഫോഴ്സ്, കോണ്‍ഫെഡറഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രീസ് എന്നിവരുടെ നേതൃത്വത്തിലാണു കരടുപദ്ധതിക്കു രൂപംനല്‍കിയത്.

നിധിയുടെ പ്രദര്‍ശനത്തിന് പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്ത് തന്നെ സംവിധാനമൊരുക്കണമെന്ന നിര്‍ദ്ദേശമാണുള്ളത്. ഏറ്റവും അത്യാധുനിക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇതിന് ഏകദേശം മുന്നൂറ് കോടി രുപ ചിലവ് വരുമെന്ന് കരുതുന്നു. നിധി കാണാനായി എത്തുന്നവരില്‍ നിന്നുള്ള വരുമാനവും ടൂറിസം മേഖലയുടെ വളര്‍ച്ചയും സര്‍ക്കാര്‍ നിധി പ്രദര്‍ശനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്.

രാജകുടുംബത്തിന്റെ അനുമതിയോടെ വിശദമായ പദ്ധതി രൂപരേഖ തയാറാക്കി സുപ്രീം കോടതിയെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും സമീപിക്കാനാണു സംഘടനകളുടെ തീരുമാനം.

Top Stories
Share it
Top