കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി

Published On: 8 Aug 2018 11:30 AM GMT
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി തേടി സൗദി എയര്‍ലൈന്‍സ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് വിമാന അതോറിറ്റി ഡി.ജി.സി.എയുടെ അംഗീകാരത്തിനായി അയക്കുകയും ഡി.ജി.സി.എ അനുമതി നല്‍കുകയും ചെയ്തതോടെയാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസിന് വഴി തുറന്നത്. സെപ്റ്റംബറോടെ സര്‍വീസ് ആരംഭിക്കും. അതേസമയം ആദ്യഘട്ടത്തില്‍ പകല്‍ മാത്രമായിരിക്കും സര്‍വീസ് നടത്തുക. പിന്നീട് രാത്രിയിലെ സര്‍വീസും പരിഗണിക്കും.

കോഡ് ഇ- യിലെ 341 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആര്‍, 298 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 330-300 എന്നീ വിമാനങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചായിരിക്കും സര്‍വിസ് ആരംഭിക്കുക.

സര്‍വീസ് ആരംഭിക്കാന്‍ അനുമതി തേടി കഴിഞ്ഞ ഏപ്രിലിലാണ് സൗദി എയര്‍ലൈന്‍സ് അപേക്ഷ സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അതോറിറ്റി ഡിജിസിഎയ്ക്ക് കൈമാറുകയായിരുന്നു. ജൂലൈ 31ന് അനുമതി ലഭിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അതുണ്ടായില്ല.

സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചതോടെ കൂടുതല്‍ വിമാനക്കമ്പനികള്‍ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്താന്‍ അനുമതി തേടുമെന്നാണ് കരുതുന്നത്. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിന്ന് പറക്കാന്‍ ഉടന്‍ അനുമതി ലഭിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചിരുന്നു.


Top Stories
Share it
Top