സംസ്ഥാനത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡില്‍; പെട്രോള്‍ വില 80 കടന്നു

Published On: 2018-05-19T09:00:00+05:30
സംസ്ഥാനത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡില്‍; പെട്രോള്‍ വില 80 കടന്നു

തിരുവനന്തപുരം: കേരളത്തില്‍ പെട്രോല്‍ ഡീസല്‍ വില റിക്കോർഡ് നിരക്കിലെത്തി. പെട്രോല്‍ വില 80 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 80.01 രൂപയും ഡീസലിന് 73.06 രൂപയുമായി. പെട്രോളിന് ലീറ്ററിനു 32 പൈസയും ഡീസലിനും ലീറ്ററിനു 24 പൈസയുമാണ് തിരുവനന്തപുരത്ത് ഇന്നു കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 78.64 രൂപയും ഡീസലിന് 71.68 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ ലീറ്ററിന് 78.40 രൂപയും ഡീസലിന് 71.60 രൂപയുമായി.

മുംബെയില്‍ പെട്രോള്‍ വില ലിറ്ററിന് 83.45 രൂപയിലെത്തി. 83.62 രൂപയാണു മുംബെയില്‍ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന പെട്രോള്‍ വില. ഹെദരാബാദില്‍ പെട്രോള്‍ വില ലിറ്ററിന് 80.09 രൂപയിലെത്തി. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലും (81.19 രൂപ) പഞ്ചാബിലെ ജലന്ധറിലും (80.84 രൂപ) ബിഹാറിലെ പാറ്റ്നയിലും (81.10 രൂപ) ജമ്മു കശ്മീരിലെ ശ്രീനഗറിലും (80.05) പെട്രോള്‍ വില 80 കടന്നു. ന്യൂഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.61 രൂപയായി. കൊല്‍ക്കത്തയില്‍ 78.29 രൂപയും ചൈന്നെയില്‍ 78.46 രൂപയിലുമെത്തി.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. പിന്നിട്ട ആറു ദിവസവും വില വർധനയുണ്ടായി. വരുംദിനങ്ങളിലും വില കൂടിയേക്കും. നാലുരൂപ വരെ വർധനയ്ക്കു സാധ്യതയുണ്ടെന്നാണു സൂചനകൾ. കർ‌ണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുൻപുള്ള 19 ദിവസങ്ങളിൽ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ല.

ക്രൂഡോയിൽ വിലവർധന, ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപയ്ക്കു‌ണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനു മുഖ്യ കാരണങ്ങൾ. വില താഴ്ന്നുനിന്നപ്പോൾ വർധിപ്പിച്ച നികുതികൾ കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായതുമില്ല. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ പകുതിയോളം നികുതികളാണ്. ഇറാനുമായുള്ള ആണവക്കരാറിൽ നിന്നു യുഎസ് പിന്തിരിഞ്ഞതു രാജ്യാന്തര എണ്ണ വിപണിക്കു ദീർഘകാല ഭീഷണിയാണ്.

Top Stories
Share it
Top