മനസ്സിന്റെ ഡാര്‍ക്ക് റൂമില്‍ നിന്നും മായാത്ത തീവണ്ടിച്ചിത്രങ്ങള്‍ 

കോഴിക്കോട്: കടലുണ്ടി തീവണ്ടിയപകടം നടന്നിട്ട് 17 വര്‍ഷം പിന്നിടുമ്പോള്‍ മനസ്സിലെ ഡാര്‍ക്ക് റൂമില്‍ നിന്നും ചിത്രങ്ങള്‍ മായാതെ ഒരു ഫോട്ടോഗ്രാഫര്‍. ...

മനസ്സിന്റെ ഡാര്‍ക്ക് റൂമില്‍ നിന്നും മായാത്ത തീവണ്ടിച്ചിത്രങ്ങള്‍ 

കോഴിക്കോട്: കടലുണ്ടി തീവണ്ടിയപകടം നടന്നിട്ട് 17 വര്‍ഷം പിന്നിടുമ്പോള്‍ മനസ്സിലെ ഡാര്‍ക്ക് റൂമില്‍ നിന്നും ചിത്രങ്ങള്‍ മായാതെ ഒരു ഫോട്ടോഗ്രാഫര്‍. ഫോട്ടോഗ്രാഫര്‍ പി മുസ്തഫ. കടലുണ്ടി ട്രെയിന്‍ ദുരന്ത സമയത്ത് മലയാള മനോരമയുടെ കോഴിക്കോട് ബ്യൂറോയിലായിരുന്നു അദ്ദേഹത്തിനു ജോലി. കാലവര്‍ഷം കനത്ത് പെയ്യുന്ന ജൂണ്‍മാസക്കാലം. ജൂണ്‍ 22 വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചരമണിയായി കാണും. കടലുണ്ടിയില്‍ ചെന്നൈ മെയില്‍ പാളം തെറ്റിയെന്ന വാര്‍ത്ത ഓഫീസിലെത്തുന്നത്. അന്ന് ബ്യൂറോയിലുണ്ടായിരുന്ന റിപ്പോര്‍ട്ടറും ഞാനും മറ്റൊരു ഫോട്ടോഗ്രാഫറായ ലീന്‍ ജോബിയും കടലുണ്ടിയിലേക്ക് പുറപ്പെട്ടു.

പി മുസ്തഫ

മീഞ്ചന്ത ബൈപ്പാസില്‍ എത്തിയപ്പോള്‍ തന്നെ ദുരന്തം എത്ര വലുതാണെന്ന് ബൈപ്പാസിലൂടെ പോകുന്ന വാഹനങ്ങളുടെ എണ്ണം കണ്ടപ്പോള്‍തന്നെ മനസ്സിലായി. ആംബുലന്‍സ് ഉള്‍പ്പടെ ദുരന്ത സ്ഥലത്ത് നിന്നും കിട്ടിയ വാഹനങ്ങളിലെല്ലാം പരിക്കേറ്റവരെയും കൊണ്ട് മെഡിക്കല്‍ കോളജിലേക്ക് പോകുന്നവരായിരുന്നു റോഡുനിറയെ. ഞങ്ങള്‍ അവിടെ എത്തിയപ്പോയേക്കും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റവരുടെയും രക്ഷാപ്രവര്‍ത്തനത്തിന്റെയുമെല്ലാം ബഹളം അന്തരീക്ഷത്തില്‍ അലയടിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരും തോണിക്കാരുമായിരുന്നു ആദ്യമെത്തിയത്. നേരം ഇരുട്ടും മുമ്പ് ദുരന്തത്തിന്റെ ചിത്രങ്ങള്‍ ഞങ്ങള്‍ക്ക് ഓഫീസില്‍ എത്തിക്കണമായിരുന്നു. അന്ന് എന്റെ കയ്യില്‍ അന്ന് ഡിജിറ്റല്‍ ക്യാമറ ഇല്ല. വെളിച്ചത്തിന്റെ ബുദ്ധിമുട്ട് ചിത്രങ്ങളെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വേഗം തന്നെ ചിത്രങ്ങള്‍ എടുക്കാന്‍ ആരംഭിച്ചു. നല്ല ഇരുട്ടിനൊപ്പം മഴയും ശക്തമായി. ക്യാമറയില്‍ മഴ തുള്ളി ഇറ്റിറ്റുവീഴുന്നത് പ്രശ്‌നമായതിനാല്‍ റെയിന്‍ കോട്ടിനുള്ളില്‍ ക്യാമറ ഒളിപ്പിച്ച് വെച്ചായിരുന്നു പടങ്ങള്‍ എടുത്തത്. സാങ്കേതിക അത്ര വ്യാപിച്ചിട്ടില്ലാത്തതിനാൽ പടം നല്‍കാന്‍ വേഗം തന്നെ ഓഫീസിലേക്ക് തിരിച്ചു. ദേശീയ വാര്‍ത്താ ഏജന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന എന്റെ സുഹൃത്ത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഞാനെടുത്ത ചിത്രങ്ങളായിരുന്നു മറ്റ് ഏജന്‍സികള്‍ക്ക് ലഭിച്ചത്.

കൂടുതല്‍ പടങ്ങള്‍ ഒന്നും അന്നത്തെ ഒട്ടുമിക്ക പത്രങ്ങള്‍ക്കും ലഭിച്ചിട്ടില്ല. കൂടുതല്‍ ചിത്രങ്ങള്‍ക്കായി പിറ്റേന്ന് പുലര്‍ച്ച തന്നെ ഞാന്‍ കടലുണ്ടിയിലേക്ക് പുറപ്പെട്ടു. എന്റെ താമസം കല്ലായി പുഴയുടെ സമീപത്തായതിനാല്‍ പുഴയുടെ സ്വഭാവം എനിക്ക് നന്നായി അറിയാമായിരുന്നു. പിറ്റേ ദിവസം വളരെ നേരത്തെ തന്നെ ഞാന്‍ കടലുണ്ടിയിലേക്ക് പുറപ്പെട്ടു. വേലിയിറക്ക സമയമായതിനാലും അധികം ആളുകളുടെ ഒഴുക്കില്ലാത്തതിനാലും ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമായിരുന്നെന്ന് അന്ന് ഞാനെടുത്ത ചിത്രങ്ങള്‍ കണ്ടൽ മനസ്സിലാകും. അന്നെടുത്ത ചിത്രങ്ങളില്‍ ഇന്നും ഓര്‍മയിലുണ്ട്. ചെളിമണ്ണില്‍ പൂണ്ടു കിടക്കുന്ന ആളുടെ ചിത്രം പിറ്റേന്നത്തെ പത്രത്തില്‍ പ്രധാന ചിത്രമായി വന്നിരുന്നു. നിരവധി ആളുകളായിരുന്നു അന്നത്തെ മരണത്തില്‍ മരണപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരും നിരവധിയുണ്ടായിരുന്നു.

കേരളത്തില്‍ നടന്ന മൂന്നു പ്രധാന ട്രെയിന്‍ ദുരന്തങ്ങളുടെ ദുരിതം നിറഞ്ഞ ചിത്രങ്ങള്‍ ഞാന്‍ പകര്‍ത്തിയിരുന്നു. അതില്‍ ഏറ്റവും ദാരുണമായത് കൊല്ലം ജില്ലയിലെ പെരുമണ്‍ ദുരന്തമായിരുന്നു. നൂറിലേറെ പേര്‍ മരണമടഞ്ഞ പെരുമണ്‍ ദുരന്തവും ഒരു വൈകുന്നേരമായിരുന്നു സംഭവിക്കുന്നത്. അന്ന് തോണി വാടകക്ക് എടുത്തായിരുന്നു ചിത്രങ്ങള്‍ പകര്‍ത്താന്‍ പോയത്. അന്നത്തെ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് മകന്‍ ട്രെയിനിലുണ്ടെന്നറിയാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഒരു റെയില്‍വേ ഉദ്യോഗസ്ഥന്റെയായിരുന്നു. ചലനമറ്റ സ്വന്തം മകന്റെ ശരീര രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ആ മനുഷ്യന്റെ കഥ പിറ്റേന്നത്തെ പത്രങ്ങളില്‍ വന്നിരുന്നു. അതേപോലെ തലശ്ശേരി ജഗന്നാഥ ടെമ്പിള്‍ഗേറ്റ് ദുരന്തത്തിന്റെയും ചിത്രങ്ങള്‍ പകര്‍ത്താനുള്ള നിയോഗവും എനിക്കായിരുന്നു. ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാനായി റെയില്‍വേ പാളത്തില്‍ കയറിയ നിരവധി ജീവനുകളായിരുന്നു അന്ന് കണ്ണൂര്‍ എക്‌സിക്യൂട്ടിവ് ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ അരഞ്ഞു തീര്‍ന്നത്.കടലുണ്ടി തീവണ്ടി അപകടത്തിന് 17 വയസ്സ് പിന്നിടുമ്പോള്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ മുസ്തഫക്ക് മറക്കാനാവില്ല. കടലുണ്ടി ഉള്‍പ്പടെയുള്ള കേരളത്തിലെ മൂന്നു പ്രധാന തീവണ്ടി അപകടങ്ങളുടെയും ദുരന്തമുഖത്ത് ഓടിയെത്തിയ ഫോട്ടോഗ്രാഫറായിരുന്നു ഇദ്ദേഹം.

Read More >>