പിണറായിയിലെ കൊലപാതകങ്ങള്‍: സൗമ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Published On: 2018-04-28 03:45:00.0
പിണറായിയിലെ കൊലപാതകങ്ങള്‍: സൗമ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തലശ്ശേരി: മകളെയും മാതാപിതാക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പോലിസ് കസ്റ്റഡിയില്‍ കിട്ടിയ സൗമ്യയെ നാലുദിവസമായി അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കൊലപാതക കാരണം കണ്ടെത്തുന്നതിനും മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് കണ്ടെത്തുന്നതിനുമായിരുന്നു ചോദ്യം ചെയ്യല്‍.

സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍(76), ഭാര്യ കമല(65), സൗമ്യയുടെ മകള്‍ ഐശ്വര്യ(8) എന്നിവരെയാണ് എലിവിഷം നല്‍കി കൊലപ്പെടുത്തിയത്. വഴിവിട്ടജീവിതം നയിച്ചിരുന്ന സൗമ്യക്ക് കുടുംബം ഒരു തടസമാകുമെന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസില്‍ ചൊവ്വാഴ്ച രാത്രിയാണ് അന്വേഷണസംഘം സൗമ്യയെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച തലശ്ശരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സൗമ്യയെ അന്വേഷണസംഘത്തിന്റെ ആവശ്യ പ്രകാരമാണ് നാലു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. എന്നാല്‍ ഐശ്വര്യയുടെ മരണവും കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഈ കേസില്‍ സൗമ്യയുടെ അറസ്റ്റിന് പോലിസ് കോടതിയില്‍ അനുവാദം തേടും. അനുമതി കിട്ടിയാല്‍ ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തും.

Top Stories
Share it
Top