പിണറായിയിലെ ദുരൂഹമരണങ്ങള്‍: സൗമ്യ കുറ്റംസമ്മതിച്ചു

Published On: 2018-04-25 03:45:00.0
പിണറായിയിലെ ദുരൂഹമരണങ്ങള്‍: സൗമ്യ കുറ്റംസമ്മതിച്ചു

കണ്ണുര്‍: പിണറായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുടുംബാംഗമായ സൗമ്യ കുറ്റംസമ്മതിച്ചു. സൗമ്യയുടെ അച്ഛന്‍ കുഞ്ഞികണ്ണന്‍, അമ്മ കമല, സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരാണ് മരിച്ചത്. ഒരു മകള്‍ക്കും മാതാപിതാക്കള്‍ക്കും എലിവിഷം നല്‍കിയാണ് കൊന്നതെന്ന് പതിനൊന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചു. ഛര്‍ദ്ദിയെ തുടര്‍ന്ന് 2012ലാണ് മകള്‍ കീര്‍ത്തന മരിച്ചത് ആറുവര്‍ഷത്തിനുശേഷം മറ്റൊരു മകളായ ഐശ്വര്യയും മരിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ കമലയും ഏപ്രിലില്‍ കുഞ്ഞികണ്ണനും മരിച്ചു. ഒരേ കാരണത്താലാണ് നാലുപേരും മരിച്ചതെന്നതിനാല്‍ സംശയം തോന്നിയ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. മരിച്ചവരുടെ ശരീരത്തില്‍ എലിവിഷത്തില്‍ അടങ്ങിയിട്ടുള്ള അലുമിനിയം ഫോസ്ഫൈഡ് കണ്ടെത്തി. ഇത് എങ്ങിനെ ഇവരുടെ ശരീരത്തിലെത്തി എന്നതായിരുന്നു പ്രധാന സംശയം. മകള്‍ ഐശ്വര്യക്ക് ചോറിലും അച്ഛന്‍ കുഞ്ഞികണ്ണന് രസത്തിലും അമ്മ കമലയ്ക്ക് മീന്‍ കറിയിലുമാണ് വിഷം നല്‍കിയതെന്ന് സൗമ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞു. എന്നാല്‍ ഇളയ മകള്‍ കീര്‍ത്തനയുടേത് സ്വാഭാവികമരണമാണെന്നും സൗമ്യ പറയുന്നു.

Top Stories
Share it
Top