ക്ഷണിച്ചിട്ടില്ല; ബിഷപ്പുമായുള്ള കൂടിക്കാഴ്ച മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ

Published On: 25 May 2018 12:15 PM GMT
ക്ഷണിച്ചിട്ടില്ല; ബിഷപ്പുമായുള്ള കൂടിക്കാഴ്ച മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ

ചെങ്ങന്നൂര്‍: താനുമായുള്ള കൂടിക്കാഴ്ച ക്ഷണം ഓർത്തഡോക്സ് സഭയുടെ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് നിരസിച്ചുവെന്ന വാർത്തകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. തോമസ് മാര്‍ അത്തനാസിയോസുമായി കൂടിക്കാഴ്ച നടത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ ക്ഷണം അദ്ദേഹം നിരസിച്ചെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു ദിവസമായി താന്‍ ചെങ്ങന്നൂർ മണ്ഡലത്തിലുണ്ട്. ഈ സമയം ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നില്ലേയെന്ന് ചോദിച്ചെന്നും അതിന് അദ്ദേഹം എന്നെ കാണേണ്ടവര്‍ ഇങ്ങോട്ട് വരുമെന്നാണ് മറുപടി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ബിഷപ്പ് തന്നെ വിളിച്ചു. യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണെന്ന് പറയുകയും ചെയ്തു. നമ്മള്‍ക്ക് തമ്മില്‍ കാണണമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും കാണാമെന്നും അദ്ദേഹത്തോട് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ഇത് ഒരു മാധ്യമപ്രവര്‍ത്തകന്റെ മാത്രം ബുദ്ധിയല്ല. മറിച്ച് പരാജയഭീതി നേരിടുന്ന രാഷ്ട്രീയകേന്ദ്രത്തിന്റെ ബുദ്ധിയാണ് ഇത്തരം വാര്‍ത്തകളുടെ പിന്നിലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഒരു വിഭാഗത്തെ മുഴുവന്‍ പ്രകോപിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും പിണറായി ചെങ്ങന്നൂരിൽ പറഞ്ഞു.

Top Stories
Share it
Top