കേരള പോലീസും ഐ.എം.എയും കൈകോര്‍ക്കുന്നു; റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് കൈത്താങ്ങ്‌

Published On: 2018-05-11 15:15:00.0
കേരള പോലീസും ഐ.എം.എയും കൈകോര്‍ക്കുന്നു; റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് കൈത്താങ്ങ്‌

തിരുവനന്തപുരം: റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും കൈത്താങ്ങാകാന്‍ കേരള പോലീസുമായി സഹകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടപ്പാക്കിയ അത്യാധുനിക ട്രോമ കെയര്‍ സേവനം സംസ്ഥാനത്ത് നിലവില്‍ വന്നു.

കേരളത്തില്‍ എവിടെ റോഡപകടമുണ്ടായാലും ട്രോമ പ്രവര്‍ത്തനം ലഭിക്കുന്നതിന് രൂപീകരിച്ച 9188 100 100 എന്ന നമ്പര്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഈ നമ്പറില്‍ വിളിച്ചാല്‍ ഉടന്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാകും. സംസ്ഥാനത്തെ ആയിരത്തോളം ആംബുലന്‍സുകളെയാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രമേശ് കുമാര്‍ ഫൗണ്ടേഷനും പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്.

അപകടസ്ഥലത്തു നിന്നു മൊബൈല്‍ നമ്പരിലേക്ക് വിളിച്ചാല്‍ തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലാണു കോള്‍ എത്തുക. ഇവിടെ പ്രത്യേകമായി പരിശീലനം നല്‍കിയ ടീം വിളിച്ചയാളുടെ കൃത്യസ്ഥലം മനസിലാക്കി മാപ്പില്‍ അടയാളപ്പെടുത്തും. തുടര്‍ന്ന് ഏറ്റവും അടുത്തുള്ള ആംബുലന്‍സിലെ ജീവനക്കാര്‍ക്ക് വിവരം കൈമാറും. ഇതിന് വേണ്ടി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലീസും ഐ.എം.എ യും പരിശീലനം നല്‍കിയിട്ടുണ്ട്.

നിലവില്‍ നോണ്‍ ഐ.സി.യു ആംബുലന്‍സുകള്‍ക്ക് മിനിമം 500 രൂപയും, ഐ.സി.യു ആംബുലന്‍സുകള്‍ക്ക് 600 രൂപയും അധികം കിലോമീറ്ററര്‍ ഒന്നിന് 10 രൂപയുമാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. രോഗിയോ, കൂടെ ഉള്ളവരോ വാടക നല്‍കണം. പ്രത്യേക സാഹചര്യത്തില്‍ പണം നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ഡോ.രമേഷ് കുമാര്‍ ഫൗണ്ടേഷനില്‍ നിന്ന് തുക നല്‍കും.



Top Stories
Share it
Top