കേരളത്തില്‍ സുരക്ഷാ ചുമതലയില്‍ 650 പോലീസുകാര്‍ 

Published On: 19 Jun 2018 8:45 AM GMT
കേരളത്തില്‍ സുരക്ഷാ ചുമതലയില്‍ 650 പോലീസുകാര്‍ 

തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷാ ചുമതലയുള്ള പോലീസുകാരുടെ കണക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കെ മുരളീധരന്‍ എംഎല്‍എയുടെ അടിയന്തര പ്രമേയത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി സുരക്ഷ സംബന്ധിച്ച വിശദീകരണം നല്‍കിയത്.

നിലവില്‍ 8.3.2018 -ല്‍ കൂടിയ സുരക്ഷ അവലോകന സമിതിയുടെ ശുപാര്‍ശ പ്രകാരം 11.5.2018-ല്‍ ആഭ്യന്തര വകുപ്പില്‍ നിന്നും പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് No.1382/2018/ആഭ്യന്തരം നമ്പര്‍ പ്രകാരമാണ് വിശിഷ്ട വ്യക്തികള്‍ക്കും ന്യായധിപന്മാര്‍ക്കും വ്യക്തികള്‍ക്കും മറ്റും സുരക്ഷ നല്‍കിവരുന്നത്.

സംസ്ഥാനത്ത് ന്യായാധിപന്മാരുടെ സുരക്ഷക്കായി 173 പോലീസ് ഉദ്യോഗസ്ഥരെയും നിയമോപദേശകരുടെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും സുരക്ഷക്കായി 26 പേരെയും മന്ത്രിമാരുടെയും മറ്റു നേതാക്കളുടെയും സുരക്ഷക്കായും 388 ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരണം നല്‍കി.

വിശിഷ്ട വ്യക്തികളെ അവര്‍ നേരിടുന്ന സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ Z+, Z, Y+, Y, X, A & B എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. നിലവില്‍ ഉള്ള ഉത്തരവ് പ്രകാരം 191 പേര്‍ക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മുകളില്‍ പറഞ്ഞ കാറ്റഗറിയില്‍പ്പെട്ട IAS, IFS ഉദ്യോഗസ്ഥരുടയും ന്യായാധിപന്മാരുടെയും നിയമ ഉപദേശകരുടേയും സര്‍ക്കാര്‍ അഭിഭാഷകരുടേയും മന്ത്രിമാരുടേയും മറ്റ് നേതാക്കന്മാരുടേയും സുരക്ഷയ്ക്കായി 650 ഓളം പോലീസ് ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ടെന്നും എംഎല്‍എയക്ക് മുഖ്യമന്ത്രി മറുപടി നല്‍കി.

Top Stories
Share it
Top