കഞ്ചിക്കോട് കോച്ച് ഫാക്ടറി ; മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

Published On: 2018-06-15T15:45:00+05:30
കഞ്ചിക്കോട് കോച്ച് ഫാക്ടറി ; മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: പാലക്കാട്ടെ കഞ്ചിക്കോട് പ്രഖ്യാപിച്ച റെയില്‍വേ കോച്ച് ഫാക്ടറി ഉപേക്ഷിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു.

ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09 ലെ റെയില്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതാണ്. പിന്നോക്ക ജില്ലയായ പാലക്കാട് ഫാക്ടറി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇതിനായി 239 ഏക്കര്‍ സ്ഥലം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഏറ്റെടുക്കുകയും ചെയ്തു. കേരളത്തിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചാണ് ഫാക്ടറിക്കായി കാത്തിരുന്നത്.

റെയില്‍വേയുടെ ഭാവി ആവശ്യങ്ങള്‍ക്കായി ലൈറ്റ് വെയിറ്റ് ബ്രോഡ്ഗേജ് കോച്ചുകള്‍ നിര്‍മ്മിക്കുകയായിരുന്നു നിര്‍ദ്ദിഷ്ട കോച്ച് ഫാക്ടറിയുടെ അടിസ്ഥാന ലക്ഷ്യം. 2008-09 ബഡ്ജറ്റില്‍ തന്നെ പ്രഖ്യാപിച്ച ഉത്തര്‍പ്രദേശിലെ റായ്ബറേലി കോച്ച് ഫാക്ടറി പണി പൂര്‍ത്തിയാക്കി 2012-ല്‍ കമ്മീഷന്‍ ചെയ്തു. അലൂമിനിയം കോച്ചുകള്‍ നിര്‍മിക്കുന്നതിന് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ ഭാഗമായി പുതിയ ഫാക്ടറി സ്ഥാപിക്കാന്‍ റെയില്‍വെ ഉദേശിക്കുന്നതായറിഞ്ഞു. ഈ ഫാക്ടറി കഞ്ചിക്കോട് പരിഗണിക്കണം. അതിനാല്‍ കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

പാലക്കാട് റെയില്‍ കൊച്ച് ഫാക്ടറി ഉപേക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു. റെയില്‍വേക്ക് നിലവിലും സമീപ ഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ തന്നെ സംവിധാനമുണ്ടെന്നും ഉടനടി മറ്റൊരു കൊച്ചു ഫാക്റ്ററി നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്നും കാണിച്ചാണ് റെയില്‍വെ തീരുമാനം.

Top Stories
Share it
Top