മാധ്യമങ്ങള്‍ നാടിനെ അപമാനിക്കുന്നു; ചെന്നിത്തലയുടേത് വിടുവായത്തം 

Published On: 30 May 2018 10:15 AM GMT
മാധ്യമങ്ങള്‍ നാടിനെ അപമാനിക്കുന്നു; ചെന്നിത്തലയുടേത് വിടുവായത്തം 

തിരുവനന്തപുരം: കോട്ടയത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും അതിനെ പെരുപ്പിച്ച് കാണിച്ച് ചാനലുകള്‍ വിധിപ്രഖ്യാപിക്കണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തകള്‍ വാര്‍ത്തകളായി മാത്രം കൊടുക്കുക. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ വിമര്‍ശിച്ചോളു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായാലും വിമര്‍ശിക്കാം. ഇത്തരം ഒരു സംഭവത്തിന് കാരണമായത് മുഖ്യമന്ത്രിയുടെ പരിപാടി ആണ് എന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. മാധ്യമങ്ങള്‍ നാടിനെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. മാധ്യമ ധര്‍മം ഇതല്ലെന്നും പിണറായി പറഞ്ഞു.

കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചകളുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകും. ഇത് പൊലീസിനുള്ള സന്ദേശമാണ്. കുറ്റവാളികളെ സംരക്ഷിക്കില്ല. ഒറ്റപ്പെട്ട കാര്യങ്ങളെ പൊലീസിന് മുഴുവനുള്ള വീഴ്ചയായി കാണാനില്ല. പൊലീസ് മേധാവികള്‍ നന്നായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. കെവിന്റെ വീട് സന്ദര്‍ശിക്കുന്നതല്ല കാര്യം. നടപടികളെടുക്കുന്നതാണ്. കര്‍ക്കശമായ നടപടികളാണ് ആവശ്യം. അത് സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊലീസ് ഉപദേശകനാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് വിടുവായത്തം പറയാന്‍ കേമനാണെന്ന് പിണറായി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം എന്താണെന്ന് അദ്ദേഹത്തിന് പിടികിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top Stories
Share it
Top