കോൺ​ഗ്രസിൽ കലാപം അവസാനിക്കുന്നില്ല; രാജ്യസഭയെ വ‍ൃദ്ധസദനമാക്കരുതെന്ന് യുവനേതാക്കൾ

​തിരുവനന്തപുരം: പി ജെ കുര്യനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ യുവാക്കൾ ഉയർത്തിയ പ്രക്ഷോഭം അവസാനിക്കുന്നില്ല. വി ടി...

കോൺ​ഗ്രസിൽ കലാപം അവസാനിക്കുന്നില്ല; രാജ്യസഭയെ വ‍ൃദ്ധസദനമാക്കരുതെന്ന് യുവനേതാക്കൾ

തിരുവനന്തപുരം: പി ജെ കുര്യനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ യുവാക്കൾ ഉയർത്തിയ പ്രക്ഷോഭം അവസാനിക്കുന്നില്ല. വി ടി ബൽറാമിനും ഷാഫി പറമ്പിലിനും ശേഷം കൂടുതൽ നേതാക്കൾ വിഷയത്തിൽ പ്രതികരിച്ചു. രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്ന് ഹൈബി ഈഡൻ എംഎൽഎ പറഞ്ഞു.

65 വയസ്​ കഴിഞ്ഞവർ പാർലമെന്റററി സ്ഥാനങ്ങളിൽ നിന്ന്​ മാറി നിൽക്കണമെന്ന് അനിൽ അക്കര എംഎൽഎ പറഞ്ഞു. രണ്ട് തവണയിൽ കൂടുതൽ ഒരു സ്ഥാനത്തേക്കും മത്സരിക്കരുത്. പി ജെ കുര്യനെപ്പോലുള്ള പ്ര​ഗൽഭനെ ഇനിയും വലിയ ഉത്തരവാദിത്വങ്ങൾ നൽകി ബു​ദ്ധിമുട്ടിക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മരണം വരെ അസംബ്ലിയിലോ പാർലമെന്റിലോ ഉണ്ടാവണമെന്ന് നേർച്ചയുള്ള നേതാക്കൾ കോൺ​ഗ്രസിന്റെ ശാപമാണെന്ന് റോജി എം ജോൺ എംഎൽഎ പറഞ്ഞു. പല പാർട്ടി സ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അവരെ മാറ്റാൻ പാർട്ടി തയാറായില്ലെങ്കിൽ ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകർ ഇനിയും അടങ്ങിയിരിക്കില്ല എന്നതിന്റെ സൂചനകളാണ് കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളായി ഉയർന്ന് കേൾക്കുന്നതെന്നും റോജി പറഞ്ഞു.

പി ജെ കുര്യനെ മാറ്റി പകരം ഷാനിമോൾ ഉസ്​മാൻ, ടി സിദ്ധിഖ്​, മാത്യു കുഴൽനാടൻ, എം ലിജു തുടങ്ങിയവരിൽ ആരെയെങ്കിലും രാജ്യസഭ സ്ഥാനാർഥിയാക്കണമെന്നാണ്​ വി ടി ബൽറാം ആവശ്യപ്പെടുന്നത്​. കുര്യൻ സ്വയം മാറി നിൽക്കണമെന്ന്​ ഷാഫി പറമ്പിൽ പറഞ്ഞു.

1980 മുതൽ ലോക്​സഭയിലോ രാജ്യസഭയിലോ അംഗമാണ്​ കോൺഗ്രസ്​ നേതാവ്​ പി ജെ കുര്യൻ. കുര്യന്റെ രാജ്യസഭയിലെ കാലാവധി ജൂണിൽ അവസാനിക്കുകയാണ്​. വീണ്ടും രാജ്യസഭയിലേക്കെത്താൻ കുര്യൻ നീക്കങ്ങൾ നടത്തുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ഇയൊരു പശ്ചാത്തലത്തിലാണ്​ കുര്യൻ മാറി നിൽക്കണമെന്ന്​ കോൺഗ്രസിലെ യുവനേതാക്കൾ ആവശ്യപ്പെടുന്നത്​.

Read More >>