പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: ഡിജിപി അടിയന്തരയോഗം വിളിച്ചു

Published On: 2018-06-16 02:45:00.0
പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: ഡിജിപി അടിയന്തരയോഗം വിളിച്ചു

തിരുവനന്തപുരം: പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്‌റ പൊലീസ് സംഘടനകളുടെ അടിയന്തരയോഗം വിളിച്ചു. രാവിലെ 10.30ന് പൊലീസ് ആസ്ഥാനത്താണ് യോഗം. എഡിജിപി സുദേഷ് കുമാറിനെതിരെ ദാസ്യപ്പണി ആരോപണം ഉയര്‍ന്നതിന് പിന്നാലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നിരന്തരം ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് യോഗം.

എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ മര്‍ദ്ദിച്ചതിന് പിന്നാലെ എസ്.എ.പി ഡെപ്യൂട്ടി കമാന്‍ഡന്റ് പി രാജുവിന്റെ വീട്ടിലും പൊലീസുകാര്‍ ദാസ്യപ്പണി ചെയ്യുന്നുവെന്ന വിവരം പുറത്ത് വന്നിരുന്നു. വീട്ടിലെ ടൈല്‍സ് പണിക്ക് ക്യാംപ് ഫോളോവേഴ്‌സിനെയാണ് രാജു നിയോഗിച്ചത്. വിവാദമായപ്പോള്‍ നാളെ മുതല്‍ വരേണ്ടെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

വീട്ടിലെ അടുക്കള ജോലി മുതല്‍ അലക്കു ജോലിവരെ പൊലീസുകാരെക്കൊണ്ട് ചെയ്യിക്കുന്ന മേലുദ്യോഗസ്ഥരുണ്ടെന്നാണ് പൊലീസുകാര്‍ തന്നെ തുറന്നുപറയുന്നത്. ഒന്നിനു പുറകെ ഒന്നായി പൊലീസിനെതിരെ ആരോപണങ്ങള്‍ വന്നു നിറയുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് യോഗം വിളിക്കാന്‍ ഡിജിപി തീരുമാനിച്ചിരിക്കുന്നത്.

Top Stories
Share it
Top